ധർ (മധ്യപ്രദേശ്): ധർ ജില്ലയിലെ കമാൽ മൗല പള്ളി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നേതൃത്വത്തിൽ സർവേ തുടങ്ങി. ഡസനിലധികം പേരടങ്ങിയ എ.എസ്.ഐ സംഘം, പൊലീസ് അകമ്പടിയോടെയാണ് വെള്ളിയാഴ്ച രാവിലെ എത്തിയത്. ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഉച്ചക്കുശേഷമാണ് ഇവർ മടങ്ങിയത്.
മുസ്‍ലിംകളും ഹിന്ദുക്കളും ആരാധനകേന്ദ്രമായി കരുതുന്ന സ്ഥലമാണിത്. വെള്ളിയാഴ്ചകളിൽ മുസ്‍ലിംകൾ നമസ്കാരവും ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾ പൂജയും നടത്തുന്നതാണ് 2003 മുതലുള്ള രീതി. അത് തുടരുമെന്ന് ധർ പൊലീസ് സൂപ്രണ്ട് മനോജ് കുമാർ സിങ് പറഞ്ഞു. ഇക്കാര്യം എ.എസ്.ഐ അധികൃതരുമായി സംസാരിച്ച് വിശ്വാസസംബന്ധമായ കാര്യങ്ങൾ തടസ്സപ്പെടാതിരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യകാല ഘട്ടത്തിൽ നിർമിച്ച ഭോജ്ശാല സമുച്ചയത്തിൽ എ.എസ്.ഐ സർവേക്ക് നിർദേശിച്ച് മാർച്ച് 11നാണ് മധ്യപ്രദേശ് ഹൈകോടതി ഉത്തരവിട്ടത്. ആറാഴ്ചക്കകം ശാസ്ത്രീയ സർവേ നടത്തി സമുച്ചയം സംബന്ധിച്ച കാര്യങ്ങളിലെ സംശയം ദൂരീകരിക്കണമെന്നായിരുന്നു കോടതി നിർദേശം. ‘ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ്’ എന്ന സംഘടനയാണ് സമുച്ചയത്തിൽ അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
ഹൈകോടതി ഉത്തരവിനെതിരെ മുസ്‍ലിം വിഭാഗം ‘സ്പെഷൽ ലീവ് പെറ്റീഷനു’മായി സുപ്രീംകോടതിയിലെത്തിയിരുന്നു. ഇത് സുപ്രീംകോടതി ഏപ്രിൽ ഒന്നിന് പരിഗണിക്കും. സർവേ സമയത്ത് മുസ്‍ലിം വിഭാഗത്തിൽനിന്നുള്ള പ്രധാന വ്യക്തികളൊന്നും സമുച്ചയത്തിലുണ്ടായിരുന്നില്ലെന്നും എ.എസ്.ഐ ആർക്കും ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടില്ലെന്നുമാണ് തോന്നുന്നതെന്ന് ധർ നഗരത്തിലെ ഖാദി വഖാർ സാദിഖ് പറഞ്ഞു.
1902ലെ എ.എസ്.ഐ റിപ്പോർട്ടിൽതന്നെ സമുച്ചയത്തെ പള്ളിയായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം തുടർന്നു. 1998ൽ ബജ്റങ്ദളിനും മറ്റു ചില ഹിന്ദു സംഘടനകൾക്കും വേണ്ടി വിമൽ കുമാർ ഗോധ എന്നയാൾ ഹൈകോടതിയിലെത്തിയിരുന്നു. ഇതിന് എ.എസ്.ഐ നൽകിയ മറുപടിയിൽ, സമുച്ചയം കമാൽ മൗല പള്ളിയാണെന്നും ഭോജ്ശാലയാണെന്നത് സങ്കൽപമാണെന്നും വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽനിന്ന് എ.എസ്.ഐ പിന്നോട്ടുപോകരുതെന്ന് സാദിഖ് കൂട്ടിച്ചേർത്തു.
വിഷയത്തിൽ ഹിന്ദുക്കളുമായി ഒരു പ്രശ്നവുമില്ല. പത്തുപതിനഞ്ചാളുകൾ ആ സമുദായത്തിന്റെ ഉത്തരവാദിത്തം സ്വയം ചമഞ്ഞുണ്ടാക്കുന്ന പ്രശ്നങ്ങളാണിത്. ഇനി, അവിടെ അഞ്ചുനേരം നമസ്കാരമെന്ന ആവശ്യം ഉന്നയിക്കണം എന്നു തോന്നുന്നു. ഇക്കാര്യത്തിനായി ഉന്നത കോടതികളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.