വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവേ റിപ്പോർട്ട് നാലാഴ്ചകൂടി പരസ്യമാക്കരുതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കോടതിയിൽ ആവശ്യപ്പെട്ടു. ഇതേതുടർന്ന് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചതായി ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്തുള്ള അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം അലഹബാദ് ഹൈകോടതിയുടെ വിധി മുൻനിർത്തിയാണ് മുദ്രവെച്ച കവറിലുള്ള സർവേ റിപ്പോർട്ട് പരസ്യമാക്കരുതെന്ന് ആവശ്യപ്പെട്ടതെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.
വാരാണസിയിൽ ഗ്യാൻവാപി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി മുസ്ലിം പക്ഷത്തെ നിരവധി ഹരജികൾ ഡിസംബർ 19ന് അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. 1991ലെ ആരാധനാലയ നിയമം മതപരമായ സ്വഭാവം നിർണയിക്കുന്നില്ലെന്നും ഇരുപക്ഷവും കോടതിയിൽ സമർപ്പിക്കുന്ന തെളിവുകൾവെച്ചു മാത്രമേ ഇത് തീരുമാനിക്കാനാവൂ എന്നുമായിരുന്നു ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ വിധി.
ജൂലൈ 21ന് ജില്ലാ കോടതി വിധിയെ തുടർന്ന് കാശിവിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാൻവാപി സമുച്ചയത്തിൽ എ.എസ്.ഐ ശാസ്ത്രീയ സർവേ നടത്തിയിരുന്നു. 17ാം നൂറ്റാണ്ടിലെ മസ്ജിദ് അതുവരെയും നിലനിന്ന ക്ഷേത്രത്തിനു മുകളിൽ നിർമിച്ചതാണോയെന്ന് ഉറപ്പിക്കാനായിരുന്നു സർവേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.