മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുത്, പ്രതിഷേധവുമായി ബി.ജെ.പി

ഗോഹട്ടി: മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുതെന്ന വിചിത്ര ആവശ്യവുമായി ബി.ജെ.പി നേതാവിന്‍റെ പ്രതിഷേധം. അസം ബി.ജെ.പി നേതാവ് സത്യ രഞ്ജൻ ബോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തിയത്. ആൻ്റി ബീഫ് ആക്ടിവിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സത്യ രഞ്ജൻ ബോറയുടെയും സംഘത്തിൻ്റെയും പ്രതിഷേധം.

അസമിലെ ഗുവാഹത്തിയിലുള്ള മൃഗശാലയിലേക്ക് മാർച്ച് നടത്തിയ ഇവർ ബീഫ് വഹിച്ചുകൊണ്ട് ഉള്ളിലേക്ക് പോകുന്ന വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും പ്രധാന കവാടം ഉപരോധിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

"ഹിന്ദു സമൂഹത്തിൽ പശുക്കളെ സംരക്ഷിക്കുന്നതിന് നമ്മൾ മുൻഗണന നൽകുന്നു. പക്ഷേ, മൃഗശാലയിലെ ജന്തുക്കൾക്ക് ഭക്ഷണമെന്ന പേരിൽ സർക്കാർ തന്നെ ബീഫ് വിതരണം ചെയ്യുന്നു. മൃഗശാലയിലുള്ള മ്ലാവുകളുടെ ജനസംഖ്യ അധികമാണ്. മ്ലാവുകളെ കടുവകൾക്ക് ഭക്ഷിക്കാൻ നൽകിക്കൂടേ?"- സത്യ രഞ്ജൻ ചോദിച്ചു.

സെൻട്രൽ സൂ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണമാണ് മൃഗശാലയിൽ നൽകുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മരിസ്വാമി പറഞ്ഞു. നിയമപ്രകാരം മൃഗശാലയിലെ മൃഗങ്ങളെ മാസംഭുക്കുകൾക്ക് ഭക്ഷണമായി നൽകാൻ പാടില്ല. തന്നെയുമല്ല, മ്ലാവുകൾ വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ്. അവയെ സംരക്ഷിക്കണമെന്നാണ് രാജ്യാന്തര ചട്ടം.

അതേസമയം, സത്യ രഞ്ജൻ ബോറ ബി.ജെ.പി പ്രവർത്തകനല്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.