ഗുവാഹത്തി: അസമിൽ കോവിഡ് 19 പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ ഉയർന്ന അഴിമതി ആരോപണം ഉപ ലോകായുക്ത അന്വേഷിക്കണമെന്ന് കോൺഗ്രസ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ സഹിതമാണ് ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് ഉപ ലോകായുക്തയെ സമീപിച്ചത്.
കോവിഡ് പ്രതിരോധത്തിന് പി.പി.ഇ കിറ്റടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ ചില സ്വകാര്യ ഇടപാടുകാരിൽനിന്ന് അമിത വില നൽകി വാങ്ങുന്നതായാണ് ആരോപണം. വിവരാവകാശ നിയമപ്രകാരം അസം പബ്ലിക് വർക്സ് എന്ന എൻ.ജി.ഒ ആണ് ഇത് പുറത്തുകൊണ്ടുവന്നത്. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഉപ ലോകായുക്ത ജസ്റ്റിസ് ചിത്തരഞ്ജൻ ശർമക്ക് സംസ്ഥാന പ്രതിപക്ഷ നേതാവ് ദെബബ്രത സൈകിയ അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അസം ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൻെറ നേതൃത്വത്തിൽ പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പി.പി.ഇ) ഉൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങുന്നതിൽ വൻ അഴിമതി നടന്നതായി സൈകിയ കത്തിൽ പറഞ്ഞു. ചില വിതരണക്കാർക്ക് നൽകിയ മുൻഗണനയും ക്രമക്കേടുകളും സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.പി.ഇ കിറ്റ്, മാസ്ക് എന്നിവയുടെ വിതരണം ഒരു സ്വകാര്യ സംരംഭകൻ കുത്തകയാക്കി വെച്ചതായാണ് അസം പബ്ലിക് വർക്സിൻെറ ആരോപണം. കൂടാതെ മറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡറിൽ ക്രമക്കേട് നടന്നതായും ഇവർ വ്യക്തമാക്കി. പകർച്ചവ്യാധി നേരിടാൻ കേന്ദ്രം നൽകിയ 630 കോടി രൂപ ചെലവഴിച്ചതിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
‘‘490 രൂപയുടെ കിറ്റിന് നൽകിയത് 1145 രൂപ’’
ഇരട്ടിയിലേറെ തുക നൽകിയാണ് സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധത്തിനുള്ള വസ്തുക്കൾ വാങ്ങിയതെന്നാണ് പ്രധാന ആരോപണം. പി.പി.ഇ കിറ്റിന് നൽകിയ കൊള്ളവില തെളിവായി ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശ് സർക്കാർ 490 രൂപക്ക് വാങ്ങിയ കിറ്റിന് അസം നൽകിയത് 1,145 രൂപയാണ്.
“അന്വേഷണം അർഹിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണിത്. ദുരന്തവേളയിലാണ് ഇങ്ങനെ ഒരു തട്ടിപ്പ് നടക്കുന്നത്” കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആരോപണങ്ങൾ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.