ന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന പ്രതിശ്രുത വരനെ കൈയോടെ പിടികൂടി അസം പൊലീസിലെ വനിത എസ്.ഐ. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷനിലെ (ഒ.എൻ.ജി.സി) പബ്ലിക് റിലേഷൻ ഓഫിസർ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് റാണ പൊഗാഗ് നഗോൺ ജില്ലയിലെ എസ്.ഐയായ ജുൻമോനി റബ്ബയെ വിവാഹം കഴിക്കാനിരുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. നവംബറിൽ വിവാഹം നടത്താനാണ് കുടുംബങ്ങൾ തീരുമാനിച്ചത്. എന്നാൽ, ഇതിനിടെയാണ് താൻ വിവാഹം കഴിക്കാനിരിക്കുന്നയാൾ ഒരു തട്ടിപ്പുകാരനാണെന്ന് ജുൻമോനിക്ക് മനസ്സിലാകുന്നത്. ഒ.എൻ.ജി.സിയിൽ ജോലി തരപ്പെടുത്തിതരാമെന്ന് വാഗ്ദാനം നൽകി ഇദ്ദേഹം നിരവധി പേരിൽനിന്ന് പണം വാങ്ങിയിട്ടുണ്ട്.
ഇത്തരത്തിൽ റാണ കോടികൾ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. തട്ടിപ്പുകാരനാണെന്ന് മനസ്സിലാക്കിയ ഉടനെ ജുൻമോനി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. റാണ വലിയ തട്ടിപ്പുകാരാനാണെന്ന് എനിക്ക് വിവരം നൽകിയ മൂന്നുപേരോട് ഞാൻ കടപ്പെട്ടിരിക്കുന്നതായും അവരാണ് എന്‍റെ കണ്ണു തുറപ്പിച്ചതെന്നും ജുൻമോനി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.