ഗുവാഹത്തി: കോവിഡ് കെയർ സെൻററിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് രോഗികൾ ദേശീയപാത ഉപരോധിച്ചു. അസമിലെ കാമരൂപ് ജില്ലയിലെ ചാങ്‌സാരിയിലാണ് സംഭവം. നൂറോളം രോഗികൾ ദേശീയപാത 31 ഉപരോധിക്കുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് കാമരൂപ് ഡെപ്യൂട്ടി കമീഷണർ കൈലാഷ് കാർത്തിക്കിൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി രോഗികളോട് മാറാൻ ആവശ്യപ്പെട്ടു. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും ദേശീയപാതയിൽനിന്ന് കോവിഡ് കേന്ദ്രത്തിലേക്ക് മടങ്ങണമെന്നും പൊലീസ് അഭ്യർഥിക്കുകയായിരുന്നു. രോഗികൾ മടങ്ങിയ ശേഷവും പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും കിടക്കകൾ അപര്യാപ്തമാണെന്നും രോഗികൾ പറഞ്ഞു. ഒരുമുറിയിൽ 10-12 പേരെ വരെ മുറിയിൽ പാർപ്പിച്ചതായും ഇവർ ആരോപിച്ചു. ഇവരുടെ പരാതി പരിശോധിക്കുമെന്നും പരിഹരിക്കാൻ ശ്രമിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ഉറപ്പ് നൽകി.
അതേസമയം, കോവിഡ് കെയർ സെൻററിലെ സൗകര്യങ്ങൾ ഇഷ്ടപ്പെടാത്ത രോഗികൾക്ക് ഹോം ക്വാറൻറീൻ തെരഞ്ഞെടുക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. “രോഗം സുഖപ്പെടാനും മറ്റുള്ളവരെ ബാധിക്കാതിരിക്കാനുമാണ് അവരെ കോവിഡ് കെയറിൽ എത്തിച്ചത്. അവിടെ സന്തുഷ്ടരല്ലെങ്കിൽ അവർക്ക് വീട്ടിൽ പോകാം” -മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ പ്രവർത്തകർ രാവും പകലും ഡ്യൂട്ടിയിലാണ്. അവർക്ക് അമിതജോലി ചെയ്യുന്നതിനാൽ ചിലകാര്യങ്ങൾക്ക് കുറച്ച് കാലതാമസമെടുക്കും. മറ്റ് സംസ്ഥാനങ്ങളിൽ പരിശോധനക്ക് പോലും പണം വാങ്ങുന്നുണ്ട്. എന്നാൽ, അസമിൽ പരിശോധന മുതൽ താമസവും ഭക്ഷണവും വരെയുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത് - അേദ്ദഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.