കാസിരങ്ക: അസമിലെ വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിൽ മുങ്ങി മരിച്ചത് 17 വന്യ മൃഗങ്ങൾ. വെള്ളം മൂടിയ പാർക്കിൽ നിന്ന് 72 മൃഗങ്ങളെ രക്ഷപ്പെടുത്തി. ദേശീയ പാർക്കിലെ 173 ഫോറസ്റ്റ് ക്യാമ്പുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
55 പുള്ളി മാനുകൾ, രണ്ട് ഓട്ടർ കുഞ്ഞുങ്ങൾ, രണ്ട് കലമാനുകൾ, രണ്ട് മൂങ്ങകൾ, ഒരു കാണ്ടാമൃഗം, ഒരു ഇന്ത്യൻ മുയൽ, ഒരു കാട്ടുപൂച്ച എന്നിവയാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. നിലവിൽ 32 വന്യമൃഗങ്ങൾ ചികിത്സയിലാണെന്നും 25 മൃഗങ്ങളുടെ ചികിത്സ പൂർത്തിയായെന്നും പാർക്ക് ഫീൽഡ് ഡയറക്ടർ സൊനാലി ഘോഷ് വ്യക്തമാക്കി.
അതേസമയം, വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ഇതുവരെ 46 പേർ മരിച്ചു. ബുധനാഴ്ച മാത്രം എട്ടു പേർ ജീവൻപൊലിഞ്ഞു. ദുരത്തിൽപ്പെട്ട 8377 പേരെ രക്ഷപ്പെടുത്തി. 29 ജില്ലകളിലെ 16.25 ലക്ഷത്തിലധികം പേർ പ്രളയഭീതിയിലാണ്. വെള്ളപ്പൊക്ക സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.
ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന, അഗ്നിശമനസേന, സൈന്യം, അർധ സൈനികസേന അടക്കമുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.