ഗുവാഹത്തി (അസം): സംസ്ഥാനത്ത് ഇതുവരെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പൂർണമായിട്ടില്ലെന്നും ബാരക് വാലി മേഖലയിൽ ജീവിക്കുന്ന ഹിന്ദുക്കൾക്ക് നീതി ലഭിക്കണമെന്നും അസം മന്ത്രി ഹിമാന്ദ ശർമ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ട്രബ്ൾ ഷൂട്ടറായി അറിയപ്പെടുന്ന ശർമ മുൻ കോർഡിനേറ്റർ പ്രതീക് ഹജേല കാരണമാണ് എൻ.ആർ.സി പൂർത്തീകരിക്കാൻ സാധിക്കാതെ പേയതെന്ന് ആേരാപിച്ചു.
'ബാരക് വാലിയിലെ ഹിന്ദുക്കൾക്ക് നീതി ലഭ്യമാക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തതാണ്. പ്രതീക് ഹജേല കാരണമാണ് എൻ.ആർ.സി പൂർത്തിയാക്കാൻ സാധിക്കാതെ പോയത്. 90 ശതമാനം ജോലികളും പൂർത്തിയായതാണ്. ഹിന്ദുക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങൾക്ക് അൽപം ജോലി കൂടി ബാക്കിയുണ്ട്' -ബാരകിലെ കരീംഖഞ്ചിൽ നടന്ന ഒരു യോഗത്തിൽ ശർമ പറഞ്ഞു.
അപേക്ഷിച്ച 3.3 കോടിയാളുകളിൽ 19.22ലക്ഷം പേർ അസമിൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച എൻ.ആർ.സി പട്ടികയിൽ നിന്ന് പുറത്തായിരുന്നു. 1971ന് മുമ്പ് കുടിയേറിയവരടക്കം പട്ടികയിൽ നിന്ന് പുറത്തായതായി ബി.ജെ.പി ആരോപിച്ചിരുന്നു.
എൻ.ആർ.സി അടിസ്ഥാനപരമായി തെറ്റാണെന്നും സുപ്രീംകോടതി അനുവദിച്ചാൽ തെരഞ്ഞെടുപ്പിന് ശേഷം പുതിയ നിയമം കൊണ്ടുവരുമെന്നും ശർമ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എൻ.ആർ.സിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പേരുകൾ വീണ്ടും പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും യു.പി.പി.എല്ലിന്‍റെയും ജി.എസ്.പിയുടെയും സഹായത്തോടെ ബി.ജെ.പി കൗൺസിൽ രൂപീകരിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് ശർമയുടെ പ്രസ്താവനകൾ. തെരഞ്ഞെടുപ്പിൽ ബദറുദ്ധീൻ അജ്മലിന്റെ ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും കോൺഗ്രസും കൈകോർക്കുമെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.