ഗുവാഹതി: വിസ വ്യവസ്ഥ ലംഘിച്ച് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ മൂന്ന് സ്വീഡിഷ് പൗരന്മാരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദിബ്രുഗഡിൽ നിന്നാണ് ഇവർ പിടിയിലായത്.
ഹന്ന മൈക്കേല ബ്ലൂം, മാർക്കസ് ആർനെ ഹെൻറിക് ബ്ലൂം, സൂസന്ന എലിസബത്ത് ഹകാൻസൺ എന്നിവരാണ് അറസ്റ്റിലായത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് വന്ന ഇവർ മതപ്രബോധനത്തിൽ ഏർപ്പെടുകയും നിരവധി ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തതായി പൊലീസ് ആരോപിച്ചു. ലോക്കൽ പൊലീസ് ഇവർക്കെതിരെ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
നഹർകതിയ ടൗണിലെ തേയിലത്തോട്ട മേഖലയിൽ മതംമാറ്റ പ്രചാരണം നടത്തുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ടൂറിസ്റ്റ് വിസ വ്യവസ്ഥ പ്രകാരം വിദേശികൾക്ക് മതപ്രചാരണം അടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവാദമില്ല.
നഹർകതിയ ടൗണിൽ ഒക്‌ടോബർ 25 മുതൽ 27 വരെ നടക്കുന്ന രോഗശാന്തി പ്രാർത്ഥനാ ശുശ്രൂഷയിൽ മൂവരും തദ്ദേശീയരായ നിരവധിപേരെ ക്രിസ്ത്യാനികളാക്കി മാറ്റാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. യുണൈറ്റഡ് ചർച്ചസ് ഫെല്ലോഷിപ്പും ബ്ലെസ് അസം മിഷൻ നെറ്റ്‌വർക്കുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
"അവർ മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും നാംരൂപിലെ ഒരു ചർച്ചിൽ പ്രസംഗിക്കുന്നതായും ഞങ്ങൾക്ക് വിവരം ലഭിച്ചു. ഫോട്ടോയും വിഡിയോയും അടക്കമുള്ള തെളിവുകൾ ശേഖരിച്ച് ആരോപണം ശരിയാണെന്ന് കണ്ടെത്തി" -ദിബ്രുഗഡ് പൊലീസ് സൂപ്രണ്ട് ശ്വേതാങ്ക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങളും ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 14 ഉം പ്രതികൾ ലംഘിച്ചതായി അദ്ദേഹം പറഞ്ഞു.
41,500 രൂപ പിഴയീടാക്കിയ ശേഷം ഇവരെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. ഡൽഹിയിൽ എത്തിച്ച ശേഷം മൂവരെയും അവിടെ നിന്ന് സ്വീഡനിലേക്ക് നാടുകടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.