പാടനിൽ ഇക്കുറിയും ബാഘേലുമാർ തമ്മിലുള്ള കുടുംബ പോരാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും മരുമകനും എം.പിയുമായ വിജയ് ബാഘേലും തമ്മിലാണ് പോരാട്ടം. പാടനുകാർക്ക് അമ്മാവനും മരുമകനും തമ്മിലുള്ള പോരാട്ടം പുതുമയുള്ളതല്ല. ഇത് നാലാമൂഴമാണ്. 2003, 2008, 2013 തെരഞ്ഞെടുപ്പുകളിലും ഇരുവരും തമ്മിലായിരുന്നു മത്സരം. 2008ൽ മാത്രമാണ് ഭൂപേഷ് ബാഘേലിന് കാലിടറിയത്.
‘ഇത്തവണ മരുമകൻ അമ്മാവനെ കീഴടക്കും’ എന്നതാണ് പാടനിലെ ചുവരുകളിൽ ബി.ജെ.പി കുറിച്ചിരിക്കുന്ന മുദ്രാവാക്യം. ഭൂപേഷ് ബാഘേലിനോട് മുമ്പ് തോറ്റെങ്കിലും 2019 പൊതുതെരഞ്ഞെടുപ്പിൽ പാടൻ ഉൾപ്പെടുന്ന ദുർഗ് മണ്ഡലത്തിൽനിന്നും മൂന്ന് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിന് വിജയ് ബാഘേൽ തെരഞ്ഞെടുക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ബി.ജ.പിയുടെ അവകാശവാദം.
പാടൻ മണ്ഡലത്തിൽനിന്ന് മാത്രം 30,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിച്ചതും ബി.ജെ.പി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എൻ.സി.പിക്കാരനായിരുന്ന വിജയ് ബാഘേൽ പിന്നീട് കോൺഗ്രസിൽ ചേർന്നതിനു ശേഷമാണ് ബി.ജെ.പിയിലെത്തിയതും അമ്മാവൻ ശത്രുവായതും.
1993 മുതൽ ഭൂപേഷ് ബാഘേൽ പാടനിൽനിന്നും ജനവിധി തേടുന്നുണ്ട്. 2008ലേത് ഒഴികെ ഓരോ തവണയും അദ്ദേഹം സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തി. 2018ൽ ബി.ജെ.പിയുടെ മോത്തിലാൽ സാഹുവിനെ 27,477 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോൽപിച്ചത്. മുഖ്യമന്ത്രിയായതോടെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ജനപ്രീതി വർധിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് പാടനിൽ വിജയപ്രതീക്ഷയില്ലെങ്കിലും കടുത്ത മത്സരം ഉയർത്തി മുഖ്യമന്ത്രിയെ പ്രചാരണത്തിൽ സ്വന്തം മണ്ഡലത്തിൽ തളക്കാനാണ് മരുമകനെ വീണ്ടും മത്സര രംഗത്ത് ഇറക്കിയതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വിലയിരുത്തൽ.
കർഷകർ ഏറെയുള്ള മണ്ഡലമാണ് പാടൻ. തങ്ങളുടെ മണ്ഡലത്തിലെ ജനപ്രതിനിധി മുഖ്യമന്ത്രിയായതോടെ കർഷർക്ക് വേണ്ടി നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ ബാനറുകളിൽ കോൺഗ്രസ് അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഭരണത്തുടർച്ച ലഭിച്ചാൽ നൽകുന്ന വാഗ്ദാനങ്ങളുമുണ്ട്.
സൗജന്യങ്ങൾക്കായി ആരെയും ആശ്രയിക്കാതെ കർഷകരെ സ്വയം പര്യാപ്തരാക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നാണ് കോൺഗ്രസ് പ്രചാരണത്തെ മറികടക്കാൻ ബി.ജെ.പിക്കാർ പറയുന്നത്. മദ്യഷാപ്പുകളുടെ എണ്ണം വർധിപ്പിച്ചതും മുഖ്യമന്ത്രിക്കെതിരെ അവസാന നിമിഷം ഇ.ഡി കൊണ്ടുവന്ന മഹാദേവ് ആപ് അഴിമതി ആരോപണവുമാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് വിഷയം.
കോൺഗ്രസ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിയും പാടനിൽ മത്സരരംഗത്തുണ്ട്. 2016ൽ അജിത് ജോഗി സ്ഥാപിച്ച ജനത കോൺഗ്രസ് ഛത്തിസ്ഗഢ് (ജെ.സി.സി) അധ്യക്ഷനാണ് നിലവിൽ അമിത് ജോഗി. സിവിൽ സർവിസ് വിട്ട് രാഷ്ട്രീയത്തിലെത്തിയതാണ് അമിത് ജോഗി. 2018ൽ പാടനിൽ മത്സരിച്ച ജെ.സി.സിക്ക് 16,000 ത്തോളം വോട്ടുകളാണ് ലഭിച്ചത്. ആം ആദ്മി പാർട്ടി ഉൾപ്പെടെ 16 പാർട്ടികളാണ് പാടനിൽനിന്നും ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.