‘‘വിജയം ഉറപ്പാണ്, അത് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനുള്ള സ്നേഹസമ്മാനവും. സ്ഥാനാർഥിയാവുന്നത് എന്റെ ജനങ്ങൾക്ക് കൂടുതൽ സുരക്ഷയും സ്നേഹവും ജനാധിപത്യത്തിലൂടെ നൽകാൻ കഴിയുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. സർക്കാർ പദ്ധതികൾ കാര്യമായി ഇവിടേക്ക് എത്തുന്നില്ലെന്ന പരാതിയുണ്ട്. ഞാൻ ജയിച്ചാൽ അതുറപ്പ് വരുത്താനാവും.’’
മുഗുളുവിൽ ബി.ആർ.എസ് സ്ഥാനാർഥിയായ ബഡേ നാഗജ്യോതി (29) തുടർന്നു. തെലങ്കാനയിലെ വിദൂര മണ്ഡലമാണ് മുഗുളു. നാഗജ്യോതിയാവട്ടെ കൊല്ലപ്പെട്ട നക്സലൈറ്റ് ബഡേ നാഗേശ്വര റാവുവിന്റെ മകളും. നാഗജ്യോതിയുടെ എതിരാളി മുൻ നക്സലൈറ്റ് കൂടിയായ സിറ്റിങ് കോൺഗ്രസ് എം.എൽ.എ ദനാസാരി അനസൂയ എന്ന സീതക്കയാണ്.
തെലങ്കാനയിലെ ജനപ്രിയ നക്സൽ നേതാവായിരുന്നു ബഡേ നാഗജ്യോതിയുടെ പിതാവ് നാഗേശ്വർ റാവുവെന്ന പ്രഭാകർ. മേഖലയിലെ ആദിവാസികൾ അകമഴിഞ്ഞ് പിന്തുണച്ച വ്യക്തിത്വം. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് നാഗേശ്വർ കൊല്ലപ്പെട്ടത്. നാഗജ്യോതിയുടെ അമ്മാവൻ ദാമോദർ എന്ന ബഡേ ചോക്ക റാവു നിലവിൽ തെലങ്കാനയിലെ നിയമവിരുദ്ധമായ സി.പി.ഐ മാവോയിസ്റ്റ് പാർട്ടിയുടെ ആക്ഷൻ ടീം കമാൻഡറാണ്.
വാറങ്കലിലെ കാകതീയ സർവകലാശാലയിൽ (കെ.യു) നിന്ന് ബോട്ടണിയിൽ എം.എസ്.സിയും ബി.എഡും പൂർത്തിയാക്കിയ നാഗജ്യോതി 2019-ൽ കാളവപ്പള്ളി ഗ്രാമത്തിൽ സർപഞ്ച് (ഗ്രാമമുഖ്യൻ) സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട്, അവർ ബി.ആർ.എസിൽ (അന്നത്തെ ടി.ആർ.എസ്) ചേർന്നു, തദ്വായ് മണ്ഡലിൽനിന്ന് ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചു.
നിലവിൽ മുളുഗു ജില്ല പരിഷത് അധ്യക്ഷയാണ്. എതിർ സ്ഥാനാർഥി സീതക്ക ജൻശക്തി നക്സൽ ഗ്രൂപ്പിൽ പ്രധാനിയായിരുന്നു. ഇവർ കീഴടങ്ങുകയും പിന്നീട് എൽ.എൽ.ബിയും പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്.ഡിയും നേടി. സംവരണ മണ്ഡലമാണ് മുളുഗു.
വാറങ്കൽ ജില്ലയെ വിഭജിച്ച് രൂപവത്കരിച്ച മുളുഗു തെലങ്കാനയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയാണ്. മാവോവാദികൾക്ക് ശക്തമായ വേരുള്ളതുകൊണ്ടുതന്നെ വാർത്തകളിലിടം നേടുന്ന സ്ഥലങ്ങളാണ് മുളുഗുവിനൊപ്പം വാറങ്കലിന്റെ വിദൂരമേഖലകൾ.
സംസ്ഥാന രൂപവത്കരണത്തിനുശേഷം സ്മാർട്ട് സിറ്റി മിഷൻ, ഹെറിറ്റേജ് സിറ്റി ഡെവലപ്മെന്റ് ആൻഡ് ഓഗ്മെന്റേഷൻ യോജന, അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) തുടങ്ങിയ വിവിധ പദ്ധതികൾ അനുവദിച്ചെങ്കിലും ഒന്നും പൂർണമായില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ത്രിനഗരങ്ങളായ വാറങ്കൽ, ഹനംകൊണ്ട, കാസിപേട്ട് എന്നിവയുൾപ്പെടെ നാല് നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ഗ്രേറ്റർ വാറങ്കൽ മുനിസിപ്പൽ കോർപറേഷന്റെ (ജി.ഡബ്ല്യു.എം.സി) പരിധിയിലെ 66 ഡിവിഷനുകളിലായി 11 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നു.
ജില്ലക്ക് ഫണ്ട് അനുവദിക്കുന്നതിൽ കെ.സി.ആർ പരാജയപ്പെട്ടുവെന്ന് ഓട്ടോ ഡ്രൈവറും നഗരവാസിയുമായ അലി പറയുന്നു. ഇതൊക്കെയാണെങ്കിലും കേന്ദ്രത്തിൽ ബി.ജെ.പിയും തെലങ്കാനയിൽ ബി.ആർ.എസുമെന്നാണ് തങ്ങളുടെ നയമെന്ന് അലി പറയുന്നു. കോൺഗ്രസ് സ്വന്തം ഭരണകാലത്ത് അവിഭക്ത ആന്ധ്രയുടെ പിന്നാക്കാവസ്ഥ മനപ്പൂർവം മറക്കുകയാണെന്ന് വാറങ്കലിൽ ആരോഗ്യവകുപ്പ് ജീവനക്കാരനായ ജീവേന്ദ്ര പറഞ്ഞു.
വികസനം ചൂണ്ടി വരുന്നവരെ തങ്ങൾക്ക് അറിയാമെന്നും കെ.സി.ആർ തന്നെയാണ് ശരിയെന്നുമാണ് ജീവേന്ദ്രയുടെ പക്ഷം. വിവാഹിതരാവുന്ന പെൺകുട്ടികൾക്ക് 1,50,000 സഹായധനം നൽകുന്ന സർക്കാർ പദ്ധതിയൊക്കെ ഹിറ്റാണ്. ഏഴ് മണ്ഡലങ്ങളാണ് വാറങ്കൽ ജില്ലയിലുള്ളത്.
ഹനംകൊണ്ട, കാസിപേട്ട്, വാറങ്കൽ എന്നിവ ഉൾപ്പെടുന്ന വാറങ്കൽ വെസ്റ്റിലാണ് ശ്രദ്ധേയമായ പോരാട്ടം. സർക്കാർ ചീഫ് വിപ്പ് ദാസ്യം വിനയ് ഭാസ്കർ, കോൺഗ്രസ് സ്ഥാനാർഥി നൈനി രാജേന്ദർ റെഡ്ഡി, ബി.ജെ.പിയിൽ നിന്നുള്ള റാവു പത്മ എന്നിവർ തമ്മിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.