ന്യൂഡൽഹി: മഹാമാരിയെ തളക്കാൻ രാജ്യം കാത്തിരുന്ന പ്രതിവിധി അടുത്തെത്തി. കോവിഡിനെതിരായ വാക്സിൻ ഉപയോഗത്തിന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി, ഡ്രഗ് കൺേട്രാളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)ക്ക് ശിപാർശ നൽകി.
ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയും ആഗോള മരുന്ന് നിർമാണ കമ്പനിയായ ആസ്ട്ര സെനകയും ചേർന്ന് വികസിപ്പിച്ച 'കോവിഷീൽഡ്' വാക്സിെൻറ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ സ്ഥാപനം ( സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ) ശിപാർശ ചെയ്തത്. വെള്ളിയാഴ്ച ചേർന്ന യോഗമാണ് വാക്സിൻ പരീക്ഷണ ഫലങ്ങൾ വിലയിരുത്തിയത്. ഡി.സി.ജി.ഐയുടെ അനുമതി ലഭിക്കുന്നതോടെ അടുത്താഴ്ച തന്നെ രാജ്യത്ത് വാക്സിൻ വിതരണം തുടങ്ങിയേക്കും.
കോവിഡിനെതിരായ പോരാട്ടത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതാണ് സമിതിയുടെ നിർണായക തീരുമാനം. ബ്രിട്ടനും അർജൻറീനയും കോവിഷീൽഡ് അടിയന്തര ഉപയോഗത്തിന് അടുത്തിടെ അനുമതി നൽകിയിരുന്നു.
ഇന്ത്യയിൽ പുണെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീൽഡ് നിർമിക്കുന്നത്. അഞ്ചുകോടി ഡോസ് വാക്സിൻ ഇതിനകം സംഭരിച്ചുകഴിഞ്ഞതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പൂനവാല കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐ.സി.എം.ആർ) ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനും രാജ്യം ഉടൻ അനുമതി നൽകിയേക്കും.
ഫൈസർ, മൊഡേണ വാക്സിനുകളെ അപേക്ഷിച്ച് കോവിഷീൽഡ് സാധാരണ റഫ്രിജറേറ്ററിെൻറ ഊഷ്മാവിൽ സൂക്ഷിക്കാമെന്നതും ഒരാൾക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കാൻ 1000 രൂപയേ ചെലവ് വരൂയെന്നതും കോവിഷീൽഡിെൻറ നേട്ടമായാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.