ബംഗളൂരു: സംസ്ഥാനത്ത് കല്യാണച്ചടങ്ങുകൾ, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ, ഗണേശോത്സവം എന്നിവിടങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. അത്തിബലെയിൽ പടക്ക ഗോഡൗണിന് തീപിടിച്ച് 14 പേർ വെന്തുമരിച്ച പശ്ചാത്തലത്തിലാണ് നടപടി. നടപടികളിൽ വീഴ്ചവരുത്തിയ തഹസിൽദാർ, പൊലീസ് ഇൻസ്പെക്ടർ, ചീഫ് ഫയർ ഓഫിസർ എന്നിവരെ സസ്പെൻഡ് ചെയ്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ വിളിച്ച മുതിർന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ദുരന്തത്തിൽ 14 പേരാണ് കൊല്ലപ്പെട്ടതെന്നും നാലുപേർ പരിക്കേറ്റ് ചികിത്സയിലാണെന്നും ഒരാളുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തമുണ്ടായ ഗോഡൗണിന്റെ ഉടമക്ക് പടക്കക്കട നടത്താനുള്ള ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അനധികൃതമായി ഗോഡൗണിൽ പടക്കപ്പെട്ടികൾ സംഭരിക്കുകയായിരുന്നു.
പടക്ക ഗോഡൗണിന് ലൈസൻസ് ലഭിക്കണമെങ്കിൽ തഹസിൽദാർ അപേക്ഷ അംഗീകരിക്കണം. സ്ഥലത്തെ പൊലീസ് ഇൻസ്പെക്ടറും ചീഫ് ഫയർ ഓഫിസറും എൻ.ഒ.സി നൽകണം. തുടർന്ന് എക്സ്േപ്ലാസിവ് ആക്ട് അനുസരിച്ച് ഡെപ്യൂട്ടി കമീഷണറാണ് ലൈസൻസ് അനുവദിക്കേണ്ടത്. ഇത്തരത്തിൽ ഗോഡൗൺ പ്രവർത്തിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. മരിച്ചവർ എല്ലാം വിദ്യാർഥികളും ദിവസവേതനത്തിന് തൊഴിൽ എടുക്കുന്നവരുമാണ്. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഡെപ്യൂട്ടി കമീഷണർക്കും പൊലീസ് സൂപ്രണ്ടിനും നോട്ടീസ് നൽകണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
പടക്ക കടകൾ നടത്തുന്ന സ്ഥലങ്ങളിൽ പരിശോധന ഊർജിതമാക്കാനും ഈ മേഖലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നൽകിയ മാർഗനിർദേശങ്ങൾ ഉടമകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്. കല്യാണ പാർട്ടികൾ, രാഷ്ട്രീയ പാർട്ടികളുടെ റാലികൾ, ഗണേശോത്സവം എന്നീ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് സംസ്ഥാന വ്യാപകമായി നിരോധിച്ചു.
ഇത് ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും.
ദീപാവലി ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഉന്നതതല യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്.
അത്തിബലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പടക്കക്കടകളുടെ ലൈസൻസുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഷ്കരിച്ചു. നിലവിൽ മൂന്നു വർഷത്തേക്കാണ് പടക്കക്കടകൾക്ക് ലൈസൻസ് നൽകിയിരുന്നത്. എന്നാൽ, ഇനി മുതൽ വർഷാവർഷം ലൈസൻസ് പുതുക്കണം.
ലൈസൻസ് അനുവദിക്കുന്നതിനു മുമ്പ് എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.