പ്രയാഗ് രാജ്/ലഖ്നോ: താൻ ഏതുനിമിഷവും കസ്റ്റഡിയിൽ കൊല്ലപ്പെടുമെന്ന് കോടതിയിൽ വിളിച്ചുപറഞ്ഞ ഉത്തർപ്രദേശ് മുൻ എം.പി അതീഖ് അഹ്മദിനെയും (60) സഹോദരനെയും പൊലീസ് വലയത്തിൽ മൂന്നംഗ സംഘം വെടിവെച്ച് കൊന്നു. ഉമേഷ് പാൽ വധക്കേസിൽ റിമാൻഡിലുള്ള അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും ശനിയാഴ്ച രാത്രി 10ന് സുപ്രീംകോടതി നിർദേശപ്രകാരമുള്ള വൈദ്യപരിശോധനക്ക് പ്രയാഗ് രാജ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകർ ചമഞ്ഞെത്തിയ മൂന്നുപേർ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ, സുരക്ഷാവലയത്തിനിടയിലൂടെ ചാനൽ കാമറകൾക്കു മുന്നിൽ ഇരുവരെയും പോയന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവെച്ചിട്ടശേഷം കൊലയാളികൾ ‘ജയ്ശ്രീറാം’ വിളിച്ചു. അതീഖും അഷ്റഫും നിലത്തുവീണ ശേഷവും മരണമുറപ്പാകുംവരെ മൂവരും വെടിവെപ്പ് തുടർന്നു.
ഉടൻതന്നെ പൊലീസ് മൂന്നുപേരെയും പിടികൂടി. ബാൻഡ സ്വദേശി ലവ് ലേഷ് തിവാരി (22), ഹാമിർപുർ സ്വദേശി മോഹിത് എന്ന സണ്ണി (23), കാസ്ഗഞ്ചിൽനിന്നുള്ള അരുൺകുമാർ മൗര്യ (18) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിനിടെ പൊലീസുകാരന് വെടിയേറ്റും മാധ്യമപ്രവർത്തകന് വീണും പരിക്കേറ്റിട്ടുണ്ട്.ഉമേഷ് പാൽ വധക്കേസിലെതന്നെ പ്രതിയും അതീഖിന്റെ മകനുമായ അസദിനെയും സഹായിയെയും ഝാൻസിയിൽ പൊലീസ് ദുരൂഹ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് രണ്ടു ദിവസത്തിനുള്ളിലാണ് പുതിയ കൊലപാതകം.
കേട്ടുകേൾവിയില്ലാത്ത ക്രമസമാധാന തകർച്ചയുടെ നേർക്കാഴ്ചയായി അരങ്ങേറിയ സംഭവത്തെതുടർന്ന് യു.പിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രയാഗ് രാജടക്കം വിവിധയിടങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കുകയും കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. 15 പൊലീസുകാരെ സസ്പെൻഡ് ചെയ്തതായും കൊലപാതകങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചതായും യു.പി സ്പെഷൽ ഡി.ജി പ്രശാന്ത് കുമാർ അറിയിച്ചു. റിട്ട. ഹൈകോടതി ജഡ്ജി അരവിന്ദ് കുമാർ ത്രിപാഠി, റിട്ട. ജഡ്ജി ബ്രിജേഷ് കുമാർ സോണി, മുൻ ഡി.ജി.പി സുബേഷ് കുമാർ സിങ് എന്നിവരടങ്ങിയതാണ് അന്വേഷണ സമിതി.
2005ൽ ബി.എസ്.പി എം.എൽ.എ രാജുപാൽ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമേഷ് പാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വെടിയേറ്റ് മരിച്ചത്. ഈ കേസിൽ ആതിഖ്, മകൻ അസദ്, സഹോദരൻ അഷ്റഫ് എന്നിവരടക്കം ഒമ്പതുപേർക്കെതിരെ കേസെടുക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോകൽ കേസിൽ ഇതിനിടെ അതീഖിന് ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന പരാതിയെത്തുടർന്ന് ഗുജറാത്തിലെ സബർമതി ജയിലിലേക്ക് മാറ്റിയിരുന്ന അതീഖിനെയും സഹോദരനെയും ഉമേഷ് പാൽ കേസിൽ കോടതിയിൽ ഹാജരാക്കാൻ വേണ്ടിയാണ് പ്രയാഗ് രാജിൽ കൊണ്ടുവന്നത്. അതീഖിനെതിരെ നൂറിലധികം ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.