ശിവപുരി: ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് മുൻ എം.പിയും ക്രിമിനൽ കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് ആരോപിച്ചു. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം ആതിഖ് അഹമ്മദിനെ ചൊവ്വാഴ്ച സബർമതി ജയിലിൽനിന്ന് പ്രയാഗ്രാജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.
‘എന്റെ കുടുംബം നശിച്ചു. മാധ്യമങ്ങൾ കാരണം ഞാൻ സുരക്ഷിതനാണ്. ജയിലിൽ ജാമറുകൾ സ്ഥാപിച്ചതിനാൽ ഞാൻ ആരെയും ഫോണിൽ വിളിച്ചിട്ടില്ല. ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല, കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണ്’ 60 കാരനായ മുൻ ഉത്തർപ്രദേശ് എം.എൽ.എയും ലോക്സഭാംഗവുമായ ആതിഖ് അഹമ്മദ് പറഞ്ഞു.
ബി.എസ്.പി എം.എൽ.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിന്റെ വധം ഉൾപ്പെടെ നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആതിഖ് അഹമ്മദ്. 2005ലാണ് ബി.എസ്.പി എം.എൽ.എ രാജു പാൽ കൊല്ലപ്പെട്ടത്. ഉമേഷ് പാൽ ഈ വർഷം ഫെബ്രുവരി 24ന് പ്രയാഗ്രാജിലെ വസതിക്ക് പുറത്ത് വെടിയേറ്റ് മരിക്കുകയായിരുന്നു. ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയിൽ ആതിഖ് അഹമ്മദ് അടക്കം 16 പേർക്കെതിരെ കേസെടുത്തിരുന്നു. 2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ മാർച്ച് 28ന് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.