ന്യൂഡൽഹി: തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് രമേശ് ബിധുരിക്ക് മറുപടി നൽകാൻ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ വിതുമ്പി ഡൽഹി മുഖ്യമന്ത്രി അതിഷി.
''ബിധുരിയോട് പറയാനുള്ളത്, ജീവിതകാലം മുഴുവൻ അധ്യാപകനായിരുന്നു എന്റെ പിതാവ്. ദരിദ്ര- മധ്യവര്‍ഗ പശ്ചാത്തലത്തില്‍നിന്ന് വരുന്ന ആയിരക്കണക്കിന് കുട്ടികളെ അദ്ദേഹം പഠിപ്പിച്ചു. ഇപ്പോള്‍ 80 വയസ്സായി അദ്ദേഹത്തിന്. പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്തത്രയും അസുഖബാധിതനാണ് . പ്രായമായ ഒരാളെ അധിക്ഷേപിക്കുന്നത്രയും അധഃപതിച്ചിരിക്കുകയാണ് രമേശ് ബിധുരി. നമ്മുടെ രാജ്യത്തെ രാഷ്ട്രീയം ഇത്രയും അധ:പതിക്കുമെന്ന് ഞാൻ കരുതിയില്ല. ''-എന്ന് പറഞ്ഞുകൊണ്ടിരിക്കെയാണ് അതിഷി വികാരഭരിതയായത്.
കൽക്കാജി മണ്ഡലത്തിൽ അതിഷിയെ നേരിടുന്നത് ബി.ജെ.പിയുടെ രമേശ് ബിധുരിയാണ്. മണ്ഡലത്തിൽ നടത്തിയപ്രചാരണത്തിനിടെയായിരുന്നു ബിധുരിയുടെ അധിക്ഷേപ പരാമർശം. രാഷ്ട്രീയനേട്ടത്തിന് വേണ്ടി അതിഷി തന്റെ പിതാവിന് ഒഴിവാക്കിയെന്നായിരുന്നു ബിധുരിയുടെ ആരോപണം.
''നേരത്തേ അതിഷി മർലേനയായിരുന്നു...എന്നാൽ ഇപ്പോൾ സിങ് ആയിരിക്കുന്നു. സ്വന്തം പിതാവിനെ പോലും അവർ മാറ്റി. ആം ആദ്മി പാർട്ടിയുടെ സ്വഭാവമാണ് ഇത് കാണിക്കുന്നത്''-ഇതായിരുന്നു ബിധുരിയുടെ വിവാദ പരാമർശം.
നിരവധി ധീരരായ സൈനികരുടെ മരണത്തിന് ഉത്തരവാദിയായ ഭീകരൻ അഫ്സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ദയാഹരജി നൽകിയവരാണ് അതിഷി മർലേനയുടെ മാതാപിതാക്കളെന്നും ബിധുരി പറഞ്ഞു. അഫ്സൽ ഗുരുവിന് മാപ്പു നൽകണമെന്ന് അഭ്യർഥിച്ചവരെ പിന്തുണക്കണമോയെന്നാണ് ഡൽഹി ജനതയോട് തന്റെ ചോദ്യമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
നാണക്കേടിന്റെ എല്ലാസീമകളും ലംഘിച്ചിരിക്കുകയാണ് ബി.ജെ.പി നേതാക്കളെന്നായിരുന്നു അതിഷിക്കെതിരായ ബിധുരിയുടെ ആരോപണത്തിന് ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.