വാടക ഗർഭധാരണ നിയമത്തിലെ പ്രായപരിധി പരിശോധിക്കും; നടപടി സ്വീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വാടക ഗർഭധാരണം നടത്തുന്ന അമ്മമാരുടെ പ്രായപരിധി സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കാൻ തയ്യാറായി സുപ്രീംകോടതി. 2021ലെ സറോഗസി റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്യുന്ന പതിനഞ്ചോളം ഹരജികളാണ് കോടതി പരിഗണിച്ചത്.

ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് വാടക ഗർഭധാരണ നിയമത്തിലെ പ്രായപരിധി പരിശോധിച്ചത്. കേസിൽ രേഖകൾ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2021ലെ വാടക ഗർഭധാരണ നിയമങ്ങൾ മാതാപിതാക്കൾക്കും വാടക അമ്മമാർക്കും പ്രായപരിധി നിശ്ചയിക്കുന്നുണ്ട്. നിയമം അനുസരിച്ച് മാതാവിന് 23നും 50നും ഇടയിലും പിതാവിന് 26നും 55നും ഇടയിലും പ്രായമുണ്ടായിരിക്കണം. കൂടാതെ വാടക മാതാവ് വിവാഹിതയും 25നും 35നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. മാത്രവുമല്ല ഇവർ ഒരിക്കൽ മാത്രമേ വാടക ഗർഭധാരണം നടത്താൻ പാടുള്ളൂ.

വാടക ഗർഭധാരണം നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളും നിയമം അനുശാസിക്കുന്നുണ്ട്. വാടക ഗർഭധാരണം നടത്തുന്ന അമ്മമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അവരോടുള്ള ചൂഷണം തടയാനുള്ള നടപടികളെ കുറിച്ചും കോടതി പരാമർശിച്ചു.

വാടക ഗർഭധാരണം നടത്തുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ബദൽ സംവിധാനങ്ങളും കോടതി ചർച്ച ചെയ്യുകയും പ്രതിഫലം വിതരണം ചെയ്യുന്നതിനായി ദമ്പതികൾക്ക് പകരം ഒരു നിയുക്ത അതോറിറ്റിയെ നിർദേശിക്കുകയും ചെയ്തു.

Tags:    
News Summary - Supreme Court to examine age bar in India's surrogacy laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.