മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ നാല് ദലിത് യുവാക്കളെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയടക്കം നാലുപേരെ അറസ്റ്റ് ചെയ്ത പൊലീസ് രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. അഹമ്മദ് നഗറിലെ ശ്രീരാംപുർ താലൂക്കിലുള്ള ഹരേഗാവിൽ വെള്ളിയാഴ്ചയാണ് സംഭവം. ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മർദനം.
യുവരാജ് ഗലണ്ടെയുടെ നേതൃത്വത്തിലുള്ള സംഘം ദലിത് യുവാക്കളെ അവരുടെ വീട്ടിൽനിന്ന് ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. ഷർട്ട് അഴിപ്പിച്ച ശേഷം മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദിക്കുന്ന, പ്രതികൾതന്നെ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
മർദനമേറ്റ ശുഭം മഗ്ദെയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒരു പ്രതിയെ ശനിയാഴ്ച പിടികൂടി. ഒളിവിലായിരുന്ന മുഖ്യപ്രതി യുവരാജ് ഗലണ്ടെയെ തിങ്കളാഴ്ച പുണെയിൽ വെച്ചാണ് അഹമ്മദ് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഹരേഗാവിൽ ഞായറാഴ്ച ബന്ദ് നടത്തി. ബി.ജെ.പി വിതച്ച വെറുപ്പിന്റെ അനന്തരഫലമാണ് ഹരേഗാവിൽ സംഭവിച്ചതെന്ന് കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.