റാഞ്ചി: 'ജയ് ശ്രീരാം', 'പാകിസ്താൻ മുർദാബാദ്' എന്നിവ വിളിക്കൻ നിർബന്ധിച്ച് റാഞ്ചിയിൽ കശ്മീരി വ്യാപാരികളെ ഒരു സംഘം ആക്രമിച്ചു. നഗരത്തിലെ ഡൊറൻഡയിൽ രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ കേസെടുത്തതായും പൊലീസ് പറഞ്ഞു.
റാഞ്ചിയിൽ ശൈത്യകാല വസ്ത്രങ്ങൾ വിൽക്കനെത്തിയ കശ്മീർ സ്വദേശി റിസ്വാൻ അഹ്മദ് വാനിയാണ് പൊലീസിൽ പരാതി നൽകിയത്. രണ്ടു സഹൃത്തുക്കൾക്കൊപ്പം റാഞ്ചിയിലെ ഹർമുവിലേക്കു പോകുമ്പോൾ 25 പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തുകയും ജയ് ശ്രീരാം ഉൾപ്പെടെ വിളിക്കാൻ നിർബന്ധിക്കുകയും വിസമ്മതിച്ചതിന് മർദിക്കുകയുമായിരുന്നെന്ന് റിസ്വാൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കദ്രു ബ്രിഡ്ജിനു സമീപം എത്തിയപ്പോഴും ഒരു സംഘം സമാനരീതിയിൽ ആക്രമിച്ചു. കമ്പികൊണ്ട് തലക്കടിച്ചു. തലയിൽ ധരിച്ചിരുന്ന ഹെൽമറ്റ് രണ്ടു കഷണങ്ങളായി. ബൈക്കും നശിപ്പിച്ചു. സഹൃത്തുക്കൾക്കും പരിക്കേറ്റെന്നും സംഘം പണം ഉൾപ്പെടെ അപഹരിച്ചെന്നും പരാതിയിൽ പറയുന്നു.
നവംബർ 11ന് ഡൊറൻഡയിൽ രണ്ട് കശ്മീരി വ്യാപാരികളെ ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിച്ച് ഒരു സംഘം മർദിച്ചിരുന്നു. കുറ്റവാളികൾക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ മാത്രമേ, ഭീതിയില്ലാതെ വ്യാപാരം നടത്താനാകുമെന്നും റിസ്വാൻ പറഞ്ഞു. ഏതെങ്കിലും സംഘടനകളാണോ അക്രമത്തിനു പിന്നിലെന്ന ചോദ്യത്തിന്, ഇക്കാര്യം അന്വേഷിക്കുകയാണെന്നാണ് റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് സുരേന്ദ്ര ജാ പറഞ്ഞത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപംനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.