ബംഗളൂരു: മംഗളൂരു ഉള്ളാളിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കൊള്ളയടിക്കാന്‍ ശ്രമിച്ച കുപ്രസിദ്ധ സാഹിബ് ഗഞ്ച് കവർച്ചസംഘത്തിലെ ഒമ്പതു പേരെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.ഗുജറാത്തിലെ ഗാന്ധിവാഡിയില്‍ താമസിക്കുന്ന ഭാസ്‌കര ബെല്‍ചപദ (65), നേപ്പാള്‍ സ്വദേശികളായ ദിനേഷ് റാവല്‍ എന്ന സാഗര്‍ (38), ബിസ്ത രൂപ് സിങ് (34), കൃഷ്ണ ബഹാദൂര്‍ ബോഗതി (41), ഝാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് സാമില്‍ ഷെയ്ഖ് (29), ഇൻസിമാമുല്‍ ഹഖ് (27), ഇമദ്ദുല്‍ റസാഖ് ഷെയ്ഖ് (32), ബിവുള്‍ ഷെയ്ഖ് (31), ഇംറാന്‍ ഷെയ്ഖ് (30) എന്നിവരാണ് പിടിയിലായത്.
പ്രതികളുടെ പക്കല്‍നിന്ന് 2.9 ലക്ഷം വിലവരുന്ന മൂന്ന് സ്‌കൂട്ടറുകള്‍, ഗ്യാസ് കട്ടര്‍, ഓക്സിജന്‍ സിലിണ്ടര്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് കട്ടിങ് നോസില്‍ തുടങ്ങിയവ പിടിച്ചെടുത്തു.ഉള്ളാളിലെ മാഞ്ചിലയില്‍ വാടകക്കു താമസിക്കുന്ന ഒമ്പതു പേര്‍ ജ്വല്ലറി കുത്തിത്തുറന്ന് കൊള്ളയടിക്കാന്‍ പദ്ധതിയിടുന്നതായി സിറ്റി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. തൊക്കോട്ടിലെ സൂപ്പര്‍ ജ്വല്ലറി കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെ 15 ദിവസം മുമ്പാണ് സംഘം ട്രെയിനില്‍ മംഗളൂരുവിലെത്തിയത്.
തുടക്കത്തില്‍ തൊക്കോട്ടിലെ ലോഡ്ജില്‍ താമസിച്ച ഇവര്‍ പിന്നീട് മാഞ്ചിലയിലെ വാടക വീട്ടിലേക്കു മാറി. കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടേക്കല്‍, ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അംബിക റോഡ്, ഉച്ചില എന്നിവിടങ്ങളില്‍വെച്ച് പ്രതികള്‍ കഴിഞ്ഞ ദിവസം രാത്രി യാത്രക്കാരില്‍നിന്ന് മൂന്നു സ്‌കൂട്ടറുകള്‍ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ച് കവര്‍ച്ച നടത്തിയിരുന്നു. സംശയം തോന്നാതിരിക്കാന്‍ ലോക്കല്‍ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് സ്‌കൂട്ടറില്‍ കറങ്ങിയാണ് പ്രതികള്‍ നടന്നിരുന്നത്. പ്രതികള്‍ക്കെതിരെ പല സംസ്ഥാനങ്ങളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.