മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി എ.ഐ.എം.ഐ.എം. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മന്ത്രിസഭ പേരുമാറ്റത്തിന് അനുമതി നൽകിയിരുന്നു. ഔറംഗാബാദിനെ സാംഭാജി നഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നുമാണ് മാറ്റുക. തീരുമാനത്തിനെതിരേ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രതിഷേധവുമായി രംഗത്ത് എത്തി. പുതിയ നീക്കത്തെ പ്രക്ഷോഭം സംഘടിപ്പിച്ചും നിയമപരമായും നേരിടുമെന്ന് എ.ഐ.എം.ഐ.എം നേതാവ് ഇംതിയാസ് ജലീൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്നുള്ള എം.പിയാണ് ഇംതിയാസ് ജലീൽ. ജില്ലയുടെ പേര് സംഭാജിനഗർ എന്നാക്കാനുള്ള തീരുമാനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'പേര് മാറ്റാൻ ഇവിടത്തെ ജനം ആഗ്രഹിക്കുന്നില്ല. ഈ തീരുമാനത്തിനെതിരേ ഏതു വിധത്തിലും പോരാടും. പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. കോടതിയിൽ പോകുകയും പാർലമെന്റിൽ ശബ്ദമുയർത്തുകയും ചെയ്യും'-ഇംതിയാസ് ജലീൽ പറഞ്ഞു.
ഔറംഗബാദിലെ നിവാസികൾ, അവർ ഏത് മതത്തിൽപ്പെട്ടവരായാലും, യഥാർത്ഥ പേരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജലീൽ ചൂണ്ടിക്കാട്ടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുൻ മഹാരാഷ്ട്ര സർക്കാർ മന്ത്രിസഭയുടെ അവസാന യോഗത്തിലാണ് ഔറംഗബാദിനെ സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും നാമകരണം ചെയ്യാനുള്ള തീരുമാനങ്ങൾ എടുത്തത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ദേവേന്ദ്ര ഫഡ്‌നാവിസും നേതൃത്വം നൽകിയ പുതിയ സംസ്ഥാന സർക്കാർ തീരുമാനങ്ങൾ ശരിവച്ചു.
താക്കറെ മന്ത്രിസഭയുടെ തീരുമാനത്തെ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ മികച്ച ഉദാഹരണമാണെന്ന് ഇംതിയാസ് ജലീൽ കഴിഞ്ഞ ആഴ്ച വിശേഷിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്രയിൽ അധികാരം നഷ്ടപ്പെടാൻ തുടങ്ങിയ സാഹചര്യത്തിലാണ് ശിവസേന ഈ തീരുമാനമെടുത്തതെന്നും അന്ന് ജലീൽ പറഞ്ഞിരുന്നു.
മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം ഔറംഗബാദിലാണ് സ്ഥിതി ചെയ്യുന്നത്. ഛത്രപതി ശിവജിയുടെ മകൻ ഛത്രപതി സംഭാജിയുടെ പേരുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശം ഉയർന്നുവന്നത്. ശിവസേന സർക്കാറിന്റെ കാലത്തുതന്നെ പേരുമാറ്റ നീക്കം നടന്നിരുന്നു. ബിജെപിയുടെയും എംഎൻഎസിന്റെയും പ്രാദേശിക നേതാക്കളും തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.