കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയിലെ ബലറാംപുർ പട്ടണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബി.ജെ.പി പ്രവർത്തകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബലറാംപുർ ബ്ലോക്ക് 10 ജില്ല പരിഷത്തിലെ ബി.ജെ.പി സെക്രട്ടറി ദുലാൽ കുമാറിനെയാണ് (32) വൈദ്യുതി പോസ്റ്റിൽ തുങ്ങിമരിച്ച നിലയിൽ ശനിയാഴ്ച കണ്ടെത്തിയത്.
അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സായന്തൻ ബസു സി.ബി.െഎ അന്വേഷണത്തിന് കേന്ദ്രത്തെ സമീപിക്കുമെന്ന് അറിയിച്ചു.
ഒരാഴ്ചക്കിടെ രണ്ടാമത്തെ ബി.ജെ.പി പ്രവർത്തകനെയാണ് ബംഗാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ത്രിലോചൻ മഹാതോ എന്ന പ്രവർത്തകനെയാണ് നേരത്തേ മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബലറാംപുരിലെ ഖതബ് പ്രദേശത്തെ ബി.ജെ.പി വിജയത്തിൽ ദുലാൽ കുമാറിെൻറ പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കഴുത്തിൽ കയർമുറുകി ശ്വാസം മുട്ടിയാണെന്ന് വ്യക്തമാക്കുന്നതായും ആത്മഹത്യയുടെ കാരണം അന്വേഷിക്കുന്നതായും പുരുലിയ എസ്.പി ആകാശ് ബഗാരിയ പറഞ്ഞു. ദുലാൽ കൊല്ലപ്പെട്ടതാണെന്നും സംസ്ഥാന സർക്കാർ ഇത് മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സായന്തൻ ബസു കുറ്റപ്പെടുത്തി.
കേസ് അന്വേഷിക്കുന്ന സംസ്ഥാന സി.െഎ.ഡി ഉദ്യോഗസ്ഥരിൽ വിശ്വാസമില്ലെന്നും ഉന്നതതല അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മരണത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ജില്ല പ്രസിഡൻറ് ശാന്തിറാം മഹാതോ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ബന്ദിൽ പ്രവർത്തകർ റോഡുകൾ ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.