ഐക്യരാഷ്ട്രസഭ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതായ വാർത്തയും അദ്ദേഹത്തിനുവേണ്ടി പാർട്ടി അപ്പീൽ പോകുന്നതും അറിഞ്ഞിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിന്റെ വക്താവ്. ‘ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ഗുട്ടറെസ് ആശങ്കാകുലനാണോ’ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ആയാണ് സെക്രട്ടറി ജനറലിന്റെ വക്താവ് ഫർഹാൻ ഹഖ് ഇങ്ങനെ പറഞ്ഞത്.
‘‘രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട കേസിനെപ്പറ്റി ഞങ്ങൾ അറിഞ്ഞിരുന്നു. വിധിക്കെതിരെ അദ്ദേഹത്തിന്റെ പാർട്ടി അപ്പീൽ പോകുന്നതും അറിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്രമാത്രമേ പറയാൻ സാധിക്കൂ’’ -വക്താവ് വ്യക്തമാക്കി.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ തീരുമാനം സ്വാഭാവിക നടപടിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാകുർ. ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ല. ആരും നിയമത്തിന് അതീതരല്ല. പാര്‍ലമെന്‍റിൽ സത്യത്തില്‍നിന്ന് അകന്നുപോകുന്നത് അദ്ദേഹത്തിന് ശീലമാണ്. താന്‍ പാര്‍ലമെന്റിനും നിയമത്തിനും രാജ്യത്തിനും മുകളിലാണെന്ന് രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നുവെന്നും അനുരാഗ് ഠാകുർ പറഞ്ഞു.
കോടതിവിധിക്ക് എതിരെ തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യൻ ഭരണഘടനയേയും വെല്ലുവിളിക്കുകയാണ് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നൽകുന്നില്ല.
അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഭരണഘടന നടപടി മാത്രമാണ്. രാഹുലിന്‍റെ ധാർഷ്ട്യമാണ് രാജ്യം കാണുന്നത്. ഇന്ദിര ഗാന്ധി അധികാരം ഉപയോഗിച്ച് കോടതിവിധികളെ അട്ടിമറിക്കാൻ ശ്രമിച്ചത് രാജ്യം കണ്ടതാണെന്നും മുരളീധരൻ പറഞ്ഞു.
ന്യൂഡൽഹി: പാർലമെന്‍റ് അംഗത്വം അയോഗന്യാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തിയും പ്രതിപക്ഷ നേതാക്കൾ. ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തിന്‍റെ പുതിയൊരു തകര്‍ച്ചക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജി പ്രതികരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പെടുത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ പ്രസംഗങ്ങളുടെ പേരില്‍ അയോഗ്യരാക്കപ്പെടുകയാണ്. പാർലമെന്‍റിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാതെ ചോദ്യകർത്താവിനെ പുറത്താക്കുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ലെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് അവരെ അയോഗ്യരാക്കുന്നതിന്, രാഹുൽ ഗാന്ധിയോട് ചെയ്തതുപോലെ മാനനഷ്ടക്കേസ് ഒരു മാര്‍ഗമായി ഉപയോഗിക്കുകയാണെന്നും ഏകാധിപത്യനീക്കത്തെ ചെറുത്തുതോല്പിക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാഹുലിനെ നിശ്ശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പക്ഷേ, അദ്ദേഹം നിർഭയമായി സത്യം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. കള്ളനെ കള്ളനെന്ന് വിളിക്കുന്നത് രാജ്യത്തിപ്പോള്‍ കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്നായിരുന്നു മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രതികരണം.
മോദിയുടെ സ്വേച്ഛാധിപത്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും പാരമ്യതയാണ് രാഹുലിനെതിരെയുള്ള നടപടി സൂചിപ്പിക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു വ്യക്തമാക്കി. ലോക്സഭ സെക്രട്ടേറിയറ്റിന്റെ തീരുമാനം ഇന്ത്യൻ ജനാധിപത്യത്തിന് തീരാ കളങ്കമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി അഭിപ്രായപ്പെട്ടു. വിയോജിക്കുന്ന ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണിത്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കുന്നതിനുള്ള നീക്കം ജനാധിപത്യത്തിന്‍റെ നാരായവേര് മുറിക്കുന്നതിന് സമാനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘ്പരിവാർ നടത്തുന്ന ഹിംസാത്മക കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എതിരഭിപ്രായങ്ങളെ അധികാരമുപയോഗിച്ച് അമർച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. അഭിപ്രായം തുറന്നുപറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? രാഹുൽ ഗാന്ധിക്കെതിരെയുണ്ടായ നടപടിയെ ഈ തിരിച്ചറിവിന്‍റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.