ലഖ്നോ: സനാതനധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി മുഴക്കി അയോധ്യയിലെ ജഗദ്ഗുരു പരംഹൻസ് ആചാര്യ. ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവർക്ക് പത്ത് കോടി പാരിതോഷികവും ഇയാൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മറ്റാർക്കും ഇത് സാധിക്കാതെ വന്നാൽ താൻ തന്നെ മന്ത്രിയുടെ തലയറുക്കുമെന്നും പരംഹൻസ് പറയുന്നുണ്ട്.
സംഭവത്തിന്‍റെ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതീകാത്മകമായി മന്ത്രിയുടെ തലവെട്ടുന്നതിന്‍റെയും ചിത്രം കത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പരംഹൻസ് നേരത്തേ ഷാറൂഖ് ഖാനെതിരെയും വധഭീഷണി മുഴക്കിയിരുന്നു. രാമചരിതമാനസിനെതിരെ നടത്തിയ പരാമർശത്തിൽ ബിഹാർ മന്ത്രിയുടെ നാവ് പിഴുതെടുക്കണമെന്നും ഇത് ചെയ്യുന്നവർക്ക് 10 കോടി നൽകുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനം.
സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍റെ പരാമർശം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സംഭവം വിവാദമായതോടെ നിരവധി പേരാണ് മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.