അയോധ്യയിൽ പണിയുന്ന മസ്​ജിദ്​ സമുച്ചയത്തിന്‍റെ രൂപരേഖ

അയോധ്യയിൽ പണിയുന്ന പള്ളിയുടെ രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചു

ന്യൂഡൽഹി: തകർക്കപ്പെട്ട ബാബറി മസ്​ജിദിന്​ പകരം അയോധ്യയിൽ സുംപ്രീം കോടതി നിർദേശിച്ച സ്​ഥലത്ത്​ പണിയുന്ന പള്ളിയുടെ രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചു. 400 വര്‍ഷം പഴക്കമുണ്ടായിരുന്ന ബാബരി മസ്ജിദ് 1992ലാണ്​ സംഘപരിവാർ നേതൃത്വത്തിൽ തകർത്തത്​. മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന സുംപ്രീം കോടതി ഉത്തരവിൽ മസ്​ജിദിന് പകരമായി അയോധ്യക്ക്​ പുറത്ത്​ പള്ളി പണിയാമെന്നായിരുന്നു നിർദേശം. അയോധ്യയില്‍നിന്ന് 30 കിലോ മീറ്റര്‍ മാറി ധാന്നിപ്പൂരിലെ അഞ്ചേക്കര്‍ സ്ഥലത്ത് നിർമിക്കുന്ന പുതിയ മസ്ജിദിന്‍റെ രൂപരേഖയാണ്​ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്​.

സുപ്രീം കോടതി വിധി പ്രകാരം നൽകിയ അഞ്ചേക്കറില്‍ പള്ളി പണിയാൻ അയോധ്യ മസ്​ജിദ്​ ട്രസ്റ്റ്​-ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ്​ രൂപരേഖ സമർപ്പിച്ചത്​. ട്രസ്റ്റി ക്യാപ്​റ്റൻ അഫ്​സൽ അഹ്​മദ്​ ഖാനും അയോധ്യ ഡവലപ്​മെന്‍റ്​ അതോറിറ്റി അധികൃതരും പള്ളിനിർമാണവുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം ചർച്ച നടത്തി. പുതിയ മസ്ജിദ് സമുച്ചയത്തില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, റിസർച്ച്​ ​െസന്‍റർ തുടങ്ങിയവ ഉള്‍പ്പെടുന്ന തരത്തിലാണ് നിർമാണം. ഒരേസമയം 2000 പേർക്ക്​ നിസ്​കരിക്കാവുന്ന പള്ളിയും 300 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയും നിർമിക്കുമെന്നാണ്​ ഫൗണ്ടേഷൻ നേരത്തേ അറിയിച്ചിട്ടുള്ളത്​.



ആയിരം പേർക്ക്​ പ്രതിദിനം ഭക്ഷണം നൽകാവുന്ന സാമൂഹിക അടുക്കളയാണ്​ ഒരുക്കുന്നത്​. റിസർച്ച്​ സെന്‍ററിന്​ സ്വാതന്ത്ര്യ സമര സേനാനിയും രക്​തസാക്ഷിയുമായ മൗലവി അഹ്​മദുല്ല ഷായുടെ പേര്​ നൽകും. പുതിയ പള്ളിക്ക്​ പേരു നിശ്ചയിച്ചിട്ടില്ല. മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ പേര് നല്‍കില്ലെന്ന്​​ ഫൗണ്ടേഷന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്​. ജാമിയ മിലിയ ഇസ്‌ലാമിയയിലെ പ്രഫസർ എസ്.എം. അക്തറാണ് മസ്ജിദിന്‍റെ ചീഫ് ആര്‍കിടെക്ട്. റിട്ട. പ്രഫ. പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്‍റെ മുഖ്യ ഉപദേഷ്​ടാാവ്​.

പുതിയ പള്ളിയുടെ ബ്ലൂ പ്രിന്‍റ് നേരത്തേ പുറത്തുവിട്ടത് സുന്നി വഖഫ് ബോര്‍ഡാണ്. ബാബറി മസ്ജിദില്‍നിന്ന്​ തികച്ചും വ്യത്യസ്തമാണ് പുതിയ മസ്ജിദിന്‍റെ രൂപം. ബാബരി മസ്​ജിദി​ന്‍റെ നാലു മടങ്ങ്​ വലുപ്പമുള്ളതാണ്​ പുതിയ പള്ളിയെന്നും ഫൗണ്ടേഷൻ അധികൃതർ പറയുന്നു. പരമ്പരാഗത മുസ്​ലിം ആരാധനാലയങ്ങളുടെ പ്രത്യേകതയായ മിനാരങ്ങളും താഴികക്കുടങ്ങളും ഒഴിവാക്കിയാണ് പുതിയ മസ്ജിദ്​ നിർമിക്കുന്നത്​. വൃത്താകൃതിയിലാണ് പുതിയ കെട്ടിടമെന്ന് പ്രഫ. എസ്.എം അക്തര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.


ബാബരി മസ്​ജിദ്​ (ഫയൽ ചിത്രം)

അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റ് അറിയിച്ചു. അയോധ്യ ഡവലപ്​മെന്‍റ്​ അതോറിറ്റി വൈസ്​ ചെയർമാൻ വിശാൽ സിങ്ങിനാണ്​ അംഗീകാരത്തിനായി​ രൂപരേഖ സമർപ്പിച്ചത്​. അംഗീകാരത്തിനുള്ള പ്രാരംഭ ഫീസായി 89,000 രൂപയും അടച്ചിട്ടുണ്ട്​.

അതേസമയം, ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്​ 80ജി വകുപ്പു പ്രകാരം ആദായ നികുതി ഇളവ്​ നൽകാത്തതിൽ ക്യാപ്​റ്റൻ അഫ്​സൽ അഹ്​മദ്​ ഖാൻ ആശങ്ക പ്രകടിപ്പിച്ചു. ഇതുപ്രകാരം പള്ളി നിർമാണത്തിന്​ നൽകുന്ന സംഭാവനകൾക്ക്​ നികുതിയിൽനിന്ന്​ ഇളവ്​ ലഭിക്കില്ല. അത്​ പ്രൊജക്​ടിനെ ബാധിക്കുമെന്നും ഖാൻ പറഞ്ഞു. കേന്ദ്ര സർക്കാറും ധനകാര്യ വകുപ്പും വിഷയത്തിൽ ഇടപെടണമെന്ന്​ ഖാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Ayodhya Mosque Plan Maps Submitted for Approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.