അയോധ്യയിൽ പണിയുന്ന പള്ളിയുടെ രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചു
text_fieldsന്യൂഡൽഹി: തകർക്കപ്പെട്ട ബാബറി മസ്ജിദിന് പകരം അയോധ്യയിൽ സുംപ്രീം കോടതി നിർദേശിച്ച സ്ഥലത്ത് പണിയുന്ന പള്ളിയുടെ രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചു. 400 വര്‍ഷം പഴക്കമുണ്ടായിരുന്ന ബാബരി മസ്ജിദ് 1992ലാണ് സംഘപരിവാർ നേതൃത്വത്തിൽ തകർത്തത്. മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന സുംപ്രീം കോടതി ഉത്തരവിൽ മസ്ജിദിന് പകരമായി അയോധ്യക്ക് പുറത്ത് പള്ളി പണിയാമെന്നായിരുന്നു നിർദേശം. അയോധ്യയില്‍നിന്ന് 30 കിലോ മീറ്റര്‍ മാറി ധാന്നിപ്പൂരിലെ അഞ്ചേക്കര്‍ സ്ഥലത്ത് നിർമിക്കുന്ന പുതിയ മസ്ജിദിന്‍റെ രൂപരേഖയാണ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്.
സുപ്രീം കോടതി വിധി പ്രകാരം നൽകിയ അഞ്ചേക്കറില്‍ പള്ളി പണിയാൻ അയോധ്യ മസ്ജിദ് ട്രസ്റ്റ്-ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് രൂപരേഖ സമർപ്പിച്ചത്. ട്രസ്റ്റി ക്യാപ്റ്റൻ അഫ്സൽ അഹ്മദ് ഖാനും അയോധ്യ ഡവലപ്മെന്റ് അതോറിറ്റി അധികൃതരും പള്ളിനിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചർച്ച നടത്തി. പുതിയ മസ്ജിദ് സമുച്ചയത്തില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, റിസർച്ച് െസന്‍റർ തുടങ്ങിയവ ഉള്‍പ്പെടുന്ന തരത്തിലാണ് നിർമാണം. ഒരേസമയം 2000 പേർക്ക് നിസ്കരിക്കാവുന്ന പള്ളിയും 300 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയും നിർമിക്കുമെന്നാണ് ഫൗണ്ടേഷൻ നേരത്തേ അറിയിച്ചിട്ടുള്ളത്.
ആയിരം പേർക്ക് പ്രതിദിനം ഭക്ഷണം നൽകാവുന്ന സാമൂഹിക അടുക്കളയാണ് ഒരുക്കുന്നത്. റിസർച്ച് സെന്‍ററിന് സ്വാതന്ത്ര്യ സമര സേനാനിയും രക്തസാക്ഷിയുമായ മൗലവി അഹ്മദുല്ല ഷായുടെ പേര് നൽകും. പുതിയ പള്ളിക്ക് പേരു നിശ്ചയിച്ചിട്ടില്ല. മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ പേര് നല്‍കില്ലെന്ന് ഫൗണ്ടേഷന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ജാമിയ മിലിയ ഇസ്‌ലാമിയയിലെ പ്രഫസർ എസ്.എം. അക്തറാണ് മസ്ജിദിന്‍റെ ചീഫ് ആര്‍കിടെക്ട്. റിട്ട. പ്രഫ. പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്‍റെ മുഖ്യ ഉപദേഷ്ടാാവ്.
പുതിയ പള്ളിയുടെ ബ്ലൂ പ്രിന്‍റ് നേരത്തേ പുറത്തുവിട്ടത് സുന്നി വഖഫ് ബോര്‍ഡാണ്. ബാബറി മസ്ജിദില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ മസ്ജിദിന്‍റെ രൂപം. ബാബരി മസ്ജിദിന്‍റെ നാലു മടങ്ങ് വലുപ്പമുള്ളതാണ് പുതിയ പള്ളിയെന്നും ഫൗണ്ടേഷൻ അധികൃതർ പറയുന്നു. പരമ്പരാഗത മുസ്ലിം ആരാധനാലയങ്ങളുടെ പ്രത്യേകതയായ മിനാരങ്ങളും താഴികക്കുടങ്ങളും ഒഴിവാക്കിയാണ് പുതിയ മസ്ജിദ് നിർമിക്കുന്നത്. വൃത്താകൃതിയിലാണ് പുതിയ കെട്ടിടമെന്ന് പ്രഫ. എസ്.എം അക്തര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റ് അറിയിച്ചു. അയോധ്യ ഡവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാൻ വിശാൽ സിങ്ങിനാണ് അംഗീകാരത്തിനായി രൂപരേഖ സമർപ്പിച്ചത്. അംഗീകാരത്തിനുള്ള പ്രാരംഭ ഫീസായി 89,000 രൂപയും അടച്ചിട്ടുണ്ട്.
അതേസമയം, ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് 80ജി വകുപ്പു പ്രകാരം ആദായ നികുതി ഇളവ് നൽകാത്തതിൽ ക്യാപ്റ്റൻ അഫ്സൽ അഹ്മദ് ഖാൻ ആശങ്ക പ്രകടിപ്പിച്ചു. ഇതുപ്രകാരം പള്ളി നിർമാണത്തിന് നൽകുന്ന സംഭാവനകൾക്ക് നികുതിയിൽനിന്ന് ഇളവ് ലഭിക്കില്ല. അത് പ്രൊജക്ടിനെ ബാധിക്കുമെന്നും ഖാൻ പറഞ്ഞു. കേന്ദ്ര സർക്കാറും ധനകാര്യ വകുപ്പും വിഷയത്തിൽ ഇടപെടണമെന്ന് ഖാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.