ബംഗളൂരു: കർണാടക ബി.ജെ.പി സർക്കാരിലെ മന്ത്രിസഭ വികസനം ചർച്ചയായിരിക്കെ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നതിനായി ദുർഗാദേവിക്ക് കത്ത് സമർപ്പിച്ച് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു. യാദ്ഗിർ ജില്ലയിലെ ഷഹാപുർ ഗൊനാൽ ഗ്രാമത്തിലെ പ്രശസ്തമായ ദുർഗാദേവി ക്ഷേത്രത്തിലെത്തിയാണ് മന്ത്രി പ്രത്യേക പൂജ നടത്തിയത്. കലബുറഗിയിൽ വ്യാഴാഴ്ച നടന്ന കല്യാണ കർണാടക വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് യാദ്ഗിറിലെ ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തിലെ പൂജാരിയായ മാരിസ്വാമിയുടെ വീട്ടിലെത്തിയശേഷം അവിടെനിന്നും ക്ഷേത്രത്തിലെത്തി മന്ത്രി ശ്രീരാമുലു പ്രത്യേക പൂജ നടത്തി. തുടർന്ന് ദുർഗാദേവി വിഗ്രഹത്തിലെ കാൽപാദത്തിൽ കത്ത് സമർപ്പിച്ച് അനുഗ്രഹം തേടി. എത്രയും വേഗം തനിക്ക് ഉപമുഖ്യമന്ത്രിയാകണമെന്നും ഈ ആഗ്രഹം പൂർത്തീകരിച്ചുനൽകണമെന്നുമാണ് കത്തിൽ എഴുതിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഈ ക്ഷേത്രത്തിലെത്തുന്നവർ അവരുടെ ആഗ്രഹസഫലീകരണത്തിനായി പ്രാർഥിച്ചശേഷം കത്ത് സമർപ്പിക്കുന്നത് പതിവാണ്. ഇങ്ങനെ കത്ത് സമർപ്പിച്ചാൽ അഗ്രഹം നടക്കുമെന്നാണ് വിശ്വാസം. എൻഫോഴ്സ്മെൻറ് കേസിൽ ജയിൽമോചിതനായി തിരിച്ചെത്തിയ കെ.പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാറും യാദ്ഗിറിലെ ദുർഗാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.