മുംബൈ: മഹാരാഷ്ട്ര മുൻ സഹമന്ത്രിയും അജിത് പവാർ പക്ഷ എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖി വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ രണ്ടാമത്തെ പ്രതി പ്രായപൂർത്തിയായ ആൾ. കോടതി നിർദേശ പ്രകാരം നടത്തിയ ഓസിഫിക്കേഷൻ ടെസ്റ്റിലാണ് ഉത്തർ പ്രദേശ് സ്വദേശി ധർമരാജ് സിങ് കശ്യപ് (19) പ്രായപൂർത്തിയായ ആളാണെന്ന് സ്ഥിരീകരിച്ചത്.
പ്രായപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധർമരാജ് സിങ്ങിനെ ഒക്ടോബർ 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായ ധർമരാജ് സിങ് പ്രായപൂർത്തിയാകാത്തയാളാണെന്ന വാദമുയർന്നതിനെ തുടർന്നാണ് പ്രായപരിശോധനക്ക് കോടതി ഉത്തരവിട്ടത്.
ഒരു വ്യക്തിയുടെ അസ്ഥികളുടെ സംയോജനത്തിന്റെ അളവ് വിശകലനം ചെയ്തു കൊണ്ട് പ്രായം കണക്കാക്കുന്ന മെഡിക്കൽ പരിശോധനയാണ് ഓസിഫിക്കേഷൻ ടെസ്റ്റ്. പ്രായം നിർണയിക്കാൻ സാധാരണയായി നടത്തുന്ന പരിശോധനയാണിത്.
അതേസമയം, അറസ്റ്റിലായ ഹരിയാനക്കാരൻ ഗുർമയിൽ ബൽജിത് സിങ്ങിനെ (23) ഒക്ടോബർ 21 വരെ പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു. മൂന്നാമത്തെ പ്രതിയായ ഉത്തർപ്രദേശുകാരൻ ശിവകുമാറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ശനിയാഴ്ച രാത്രി ഒമ്പതരക്ക് മകനും എം.എൽ.എയുമായ സീഷാൻ സിദ്ദീഖിയുടെ ബാന്ദ്ര ഈസ്റ്റിലെ ഓഫിസിൽ നിന്നിറങ്ങി കാറിൽ കയറുമ്പോൾ മൂവർ സംഘം വെടിയുതിർക്കുകയായിരുന്നു. ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ രാത്രി 11.30ഓടെ മരണം സംഭവിച്ചു.
കൊലപാതകത്തിന് പിന്നിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയ് ആണെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. സൽമാൻ ഖാൻ, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം എന്നിവരുമായുള്ള ബന്ധമാണ് കൊലക്ക് കാരണമെന്ന് ബിഷ്ണോയ് സംഘം ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു.
കോൺഗ്രസിലെ ന്യൂനപക്ഷ മുഖം, ഷാറൂഖ്-സൽമാൻ ഖാന്മാർ അടക്കമുള്ള ബോളിവുഡ് താരങ്ങളുടെ സുഹൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ബാബ സിദ്ദീഖി. കഴിഞ്ഞ ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് സിദ്ദീഖി അജിത് പവാർ പക്ഷത്തേക്ക് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.