മുംബൈ: ലോറൻസ് ബിഷ്ണോയി സംഘത്തിലെ മൂന്ന് പേർ ചേർന്ന് എൻ.സി.പി നേതാവ് ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയതിന്‍റെ നടുക്കത്തിൽനിന്ന് മുംബൈ നഗരം ഇനിയും പൂർണ മുക്തി നേടിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമൻ ഒളിവിലാണ്. പിടിക്കപ്പെട്ടവരിൽനിന്ന് പൊലീസ് രണ്ട് പിസ്റ്റളുകളും 28 വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. ഈ മാസം 21 വരെ പ്രതികളെ ജ്യുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പമാണ് എൻ.സി.പി നേതാവിന്‍റെ കൊലയ്ക്ക് കാരണമെന്ന് ബിഷ്ണോയി സംഘാംഗമെന്ന് കരുതുന്നയാളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിപ്പു വന്നിരുന്നു. ഈ പോസ്റ്റിന്‍റെ ആധികാരികത പൊലീസ് അന്വേഷിച്ചുവരികയാണ്. അതിനിടെ കുറ്റവാളികൾ തോക്ക് മാത്രമല്ല, പെപ്പർ സ്പ്രേയും സംഭവ സമയത്ത് കൈയിൽ കരുതിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ആദ്യം പെപ്പർ സ്പ്രേ ഉപയോഗിച്ച് ചുറ്റുമുള്ളവരെ അകറ്റിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബാബാ സിദ്ദീഖിക്ക് നേരെ നിറയൊഴിക്കാനായിരുന്നു പദ്ധതി.
എന്നാൽ സംഘത്തിലെ മൂന്നാമനായ ശിവകുമാർ ഗൗതം ആദ്യം മുതൽ വെടിയുതിർക്കാൻ തുടങ്ങിയതോടെ പദ്ധതി പാളി. പിന്നീട് പെപ്പർ സ്പ്രേ ഉപയോഗിക്കാനുള്ള സാവകാശം ലഭിച്ചില്ല. മറ്റ് രണ്ടുപേരും ശിവകുമാറിനൊപ്പം ചേർന്ന് വെടിയുതിർത്തു. ഈ സമയം സിദ്ദീഖിയോടൊപ്പം സുരക്ഷക്കായി മൂന്ന് പൊലീസ് കോൺസ്റ്റബിൾമാർ ഉണ്ടായിരുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പുതന്നെ ബാബാ സിദ്ദീഖി വെടിയേറ്റു വീണു. വെടിവെപ്പിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
66കാരനായ ബാബ സിദ്ദീഖിക്ക് ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. ഹരിയാനയിൽനിന്നുള്ള ഗുർമയ്‍ൽ ബാൽജിത് സിങ് (23), യു.പി സ്വദേശിയായ ധർമരാജ് കശ്യപ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെയാൾ ശിവകുമാർ ഗൗതമും യു.പിയിൽനിന്നുള്ള ആളാണ്. സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദീഖി കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്.
സമൂഹമാധ്യമത്തിൽ ഷിബു ലോങ്കർ എന്ന അക്കൗണ്ട് കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ബിഷ്‌ണോയ് സംഘത്തിലെ അസോസിയേറ്റായ ശുഭം രാമേശ്വർ ലോങ്കർ എന്നയാളായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. അനധികൃതമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ശുഭം ലോങ്കർ. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോൾ ബിഷ്‌ണോയിയുമായി ബന്ധപ്പെടാറുണ്ടെന്ന് മുമ്പ് ചോദ്യം ചെയ്യലിൽ പൊലീസിനോട് ഇയാൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.