ബാബ സിദ്ദീഖിന്റെ കൊലപാതകത്തിൽ ഞെട്ടി മഹാരാഷ്ട്ര; രണ്ട് പേർ പിടിയിൽ, മൂന്നാമനായി തിരച്ചിൽ ഊർജിതമെന്ന് മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദീഖിന്റെ കൊലപാതകത്തിൽ ഞെട്ടി മുംബൈ. കൊലപാതകം നടന്നതിന് പിന്നാലെ തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.

ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. മൂന്നാമത്തെ പ്രതി ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും ഉടൻ തന്നെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ദിഖിന് വെടിയേറ്റ വാർത്ത അറിഞ്ഞതിന് പിന്നാലെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിട്ടുള്ള ലീലാവതി ആശുപത്രിയിലെത്തി. തങ്ങൾക്ക് നീതി വേണമെന്ന മുദ്രാവാക്യമുയർത്തിയാണ് എൻ.സി.പി പ്രവർത്തകർ ദേവേന്ദ്ര ഫഡ്നാവിസിനെ സ്വീകരിച്ചത്.

അജ്ഞാതരായ ആ‍യുധധാരികളാണ് ബാബ സിദ്ദീഖിനെ വെടിവെച്ചത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വെടിയുണ്ട സിദ്ദീഖിന്‍റെ നെഞ്ചിന് സമീപത്തും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്.

ബാന്ദ്ര ഈസ്റ്റിലാണ് സംഭവം നടന്നത്. മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷാൻ സിദ്ദീഖിന്‍റെ ഓഫീസിന് സമീപത്ത് വെച്ചാണ് വെടിയേറ്റത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

Tags:    
News Summary - Baba Siddique Shot Dead In Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.