മുംബൈ: എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖി വധത്തിൽ മുഖ്യ പ്രതി ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയാണെന്ന് മുംബൈ പൊലീസ് പ്രത്യേക കോടതിയെ അറിയിച്ചു. നിലവിൽ ഇയാൾ വിദേശത്താണെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയത്. അന്വേഷണത്തിനിടെ കേസിലെ മുഖ്യ സൂത്രധാരൻ അൻമോൽ ബിഷ്‌ണോയിയാണെന്ന് റിമാൻഡ് വാദത്തിനിടെ മുംബൈ പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.
ഇയാൾ മറ്റ് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും ഫണ്ടിന്റെ ഉറവിടവും വിനിയോഗവും കണ്ടെത്താൻ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു.
ഒക്‌ടോബർ 12ന് ബാന്ദ്ര ഈസ്റ്റിലുള്ള മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസ് കെട്ടിടത്തിന് പുറത്ത് മൂന്ന് അക്രമികളുടെ വെടിയേറ്റ് ബാബ സിദ്ദിഖി (66) മരിക്കുകയായിരുന്നു. വെടിയുണ്ടകൾ ഏറ്റ അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കേസുമായി ബന്ധപ്പെട്ട് മെയിൻ ഷൂട്ടർ ശിവകുമാർ ഗൗതം ഉൾപ്പെടെ 26 പേരെ ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി കേസിലെ എട്ട് പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ചൊവ്വാഴ്ച കോടതിയിൽ അവകാശവാദമുന്നയിച്ചു. നവംബർ 30 ന്, 26 പ്രതികൾക്കെതിരെയും പോലീസ് മകോക വകുപ്പുകൾ പ്രയോഗിച്ചു.
ഇതേത്തുടർന്ന് എല്ലാ പ്രതികളെയും ചൊവ്വാഴ്ച പ്രത്യേക കോടതിയിൽ ഹാജരാക്കി. തുടർന്ന് മെയിൻ ഷൂട്ടർ ശിവകുമാർ ഗൗതം ഉൾപ്പെടെ എട്ട് പ്രതികളെ ഡിസംബർ ഏഴു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് പ്രത്യേക മകോക കോടതി ജഡ്ജി എ.എം. പാട്ടീൽ ഉത്തരവിട്ടു. മറ്റു പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.