ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിക്കും പ്രതിപ്പട്ടികയിലെ മറ്റുള്ളവർക്കുമെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ സാധ്യത. ഇവർക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി കഴിഞ്ഞമാസം നിർദേശം നൽകിയതിനു പിറകെയാണ് കേസിൽ വാദം കേൾക്കുന്ന പ്രത്യേക സി.ബി.െഎ കോടതി പുതിയ വകുപ്പുകൾ കൂടി ചേർക്കാൻ ഒരുങ്ങുന്നത്.
ബുധനാഴ്ച വാദം കേൾക്കൽ പുനരാരംഭിച്ച കോടതി ശിവസേന എം.പി സതീഷ് പ്രധാന് ജാമ്യം അനുവദിച്ചു. കോടതിയിൽ കീഴടങ്ങിയ പ്രധാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ശേഷമാണ് ജാമ്യം നൽകിയത്. ശനിയാഴ്ചയും തിങ്കളാഴ്ചയും ഹാജരാകാതിരുന്ന ശിവസേന നേതാവ് ബുധനാഴ്ച കീഴടങ്ങിയ ഉടൻ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് നടപടി. മഹാരാഷ്ട്രയിലെ താനെ നഗരസഭ മുൻ മേയറായ പ്രധാൻ 1992നുശേഷം രണ്ടുതവണ രാജ്യസഭയിലും പാർട്ടിയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
അഞ്ച് വി.എച്ച്.പി നേതാക്കൾക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. രാംവിലാസ് വേദാന്തി, ചമ്പത്ത് റായി, ബൈക്കുന്ത് ലാൽ ശർമ, മഹന്ത് നൃത്യഗോപാൽ ദാസ്, ധർമദാസ് മഹാരാജ് എന്നിവർക്കാണ് മേയ് 20ന് ജാമ്യം നൽകിയത്.കഴിഞ്ഞ മാസം 19നാണ് അദ്വാനിക്ക് പുറമെ കേന്ദ്രമന്ത്രി ഉമാ ഭാരതി, മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി എന്നിവർക്കെതിരായ കേസ് ഒരുമാസത്തിനകം പുനരാരംഭിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്. രണ്ടുവർഷത്തിനകം വിധി പറയണമെന്നും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.