ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെ വിട്ട സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി ബാബരി ഭൂമി തർക്ക േകസിലെ കക്ഷികളിലൊരാളായ ഇക്ബാൽ അൻസാരി. അയോധ്യയിൽ എന്താണ് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്നും ഇനി രാജ്യത്ത് പുതിയ തർക്കങ്ങൾ ഉണ്ടാക്കരുതെന്ന് അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
'' നിരവധി ആളുകൾ ഇതുമായി ബന്ധെപ്പട്ട് കേസ് കൊടുത്തിട്ടുണ്ട്. നമുക്ക് തർക്കം ഉയർത്തിക്കൊണ്ടുവരികയല്ല, അവസാനിപ്പിക്കുകയാണ് വേണ്ടത്. നമ്മൾ ഭരണഘടനയേയും കോടതി വിധിയേയും ബഹുമാനിക്കുന്നു. ഇൗ രാജ്യത്ത് ഇപ്പോൾ പുതിയ തർക്കം ഉണ്ടാവരുത്.'' -ഇക്ബാൽ അൻസാരി പറഞ്ഞു. ബാബരി തർക്കഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വന്ന സുപ്രീംകോടതി വിധിയോടെതന്നെ സി.ബി.ഐ കേസ് അവസാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''2019ൽ ബാബരി ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി വന്നപ്പോൾ അത് രാജ്യം സ്വാഗതം ചെയ്തിരുന്നു. സി.ബി.ഐ കേസും ഇന്നത്തോടെ അവസാനിച്ചത് നല്ല കാര്യമാണ്. ഈ വിഷയം 2019 നവംബർ ഒമ്പതിന് തന്നെ അവസാനിക്കേണ്ടതായിരുന്നു. ഒരു വർഷം അനാവശ്യമായി വലിച്ചുനീട്ടിയതാണ്. '' -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബാബരി മസ്ജിദ് തകർത്ത കേസിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർഉൾപ്പെടെ 32 പ്രതികളെയും സി.ബി.ഐ പ്രത്യേക കോടതി വെറുതെവിടുകയായിരുന്നു. ഗൂഢാലോചനക്ക് തെളിവില്ലെന്ന കാരണം പറഞ്ഞാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.