ന്യൂഡൽഹി: 40 ദിവസത്തെ തുടർച്ചയായ അന്തിമ വാദത്തിനൊടുവിൽ, ബാബരി ഭൂമിക്കുമേൽ സുന് നി വഖഫ് ബോർഡും ഹിന്ദുപക്ഷവും തമ്മിലുള്ള അവകാശത്തർക്കം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പറയാൻ മാറ്റി. ബി.ജെ.പി നിയന്ത്രണത്തിലുള്ള വഖ ഫ് ബോർഡ് ചെയർമാെൻറ പിൻവാങ്ങൽ അപേക്ഷയും, ഒത്തുതീർപ്പ് ഫോർമുലയും മുതിർന്ന അഭി ഭാഷകെൻറ രേഖകൾ വലിച്ചുകീറലും ചീഫ് ജസ്റ്റിസിെൻറ ഇറങ്ങിപ്പോക്ക് ഭീഷണിയും അ ന്തിമ വാദത്തിെൻറ അവസാനദിനത്തെ അത്യന്തം നാടകീയമാക്കി.
അന്തിമവാദം ബുധനാഴ്ച പ ൂർത്തിയാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവർ അംഗങ്ങളുമായ അഞ്ചംഗ ബെഞ്ച് വ്യാഴാഴ്ച ചേംബറിൽ പ്രത്യേകം ഇരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
വാദം എഴുതി സമർപ്പിക്കാൻ മൂന്നുദിവസം കൂടി നൽകിയാണ് സുപ്രീംകോടതി വിധി പറയാനായി മാറ്റിയത്. സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജീവ് ധവാൻ ഭരണഘടന തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച് 2.77 ഏക്കർ ഭൂമി യഥാർഥ ഉടമസ്ഥരായ തങ്ങൾക്ക് കൈമാറി, ബാബരി മസ്ജിദ് തകർത്തതിന് സുപ്രീംകോടതി പ്രായശ്ചിത്തം ചെയ്യുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ബാബരി ഭൂമി കേസിൽനിന്ന് സുന്നി വഖഫ് ബോർഡ് പിന്മാറിയെന്ന തെറ്റായ വാർത്ത മാധ്യമങ്ങൾ പ്രചരിപ്പിച്ച ശേഷമായിരുന്നു ധവാെൻറ വാദം. ബാബരി ഭൂമിക്കു മേലുള്ള അവകാശവാദം ഉപേക്ഷിച്ച് ഹരജി പിൻവലിക്കാൻ ബി.ജെ.പി നിയന്ത്രണത്തിലുള്ള യു.പി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സഫർ അഹ്മദ് ഫാറൂഖി, കേസിലെ മധ്യസ്ഥനായ അഭിഭാഷകൻ ശ്രീരാം പഞ്ചു മുഖേന സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല.
സുന്നി വഖഫ് ബോർഡ് ഇത്തരമൊരു തീരുമാനമെടുക്കുകയോ അഭിഭാഷകരായ തങ്ങളെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും പഴയ നിലപാടിൽനിന്ന് അണുവിട മാറിയിട്ടില്ലെന്നും വാദം കഴിഞ്ഞശേഷം കോടതിക്ക് പുറത്തുവന്ന അഭിഭാഷകരായ രാജീവ് ധവാനും സഫരിയാബ് ജീലാനിയും ഇഅ്ജാസ് അഹ്മദും ‘മാധ്യമ’ത്തോടു പറഞ്ഞു.
ഭൂമി ഹിന്ദുക്കൾക്ക് നൽകി രാമേക്ഷത്രം നിർമിക്കാൻ അവസരം നൽകണമെന്ന് ഹിന്ദുപക്ഷത്തിനുവേണ്ടി ഹാജരായ പരാശരൻ, സി.എസ്വൈദ്യനാഥൻ, വികാസ് സിങ്, സുശീൽ ജെയിൻ, പി.എൻ. മിശ്ര എന്നിവർ വാദിച്ചു.
കേസിൽ കക്ഷിയല്ലാത്ത സുബ്രമണ്യൻ സ്വാമിയെ വാദിക്കാൻ സുപ്രീംകോടതി അനുവദിച്ചില്ല. നവംബർ 17ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അവസാന പ്രവൃത്തി ദിനമായ നവംബർ 15നകം പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിെൻറ അന്തിമ വിധി വരുമെന്നാണ് പ്രതീക്ഷ. വിരമിക്കും മുമ്പ് ബാബരി ഭൂമി അവകാശത്തർക്കത്തിൽ വിധിപറയാനുറച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മറ്റെല്ലാ കേസുകളും മാറ്റിവെച്ച് തുടർച്ചയായി അന്തിമ വാദത്തിനായി തീയതി നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.