മുംബൈ: മഹാരാഷ്ട്രയിലെ ബദ്‍ലാപൂരിൽ സ്കൂൾ ടോയ്‍ലറ്റിൽ വെച്ച് നാലും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. അക്ഷയ് ഷിണ്ഡെ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ ഇയാളെ തലോജ ജയിലിൽനിന്ന് തെളിവെടുപ്പിനായി വാഹനത്തിൽ ബദ്‍ലാപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച ൈവകീട്ട് 5.30ഓടെയാണ് സംഭവം.
പൊലീസ് ഓഫിസർമാരിൽ ഒരാളുടെ തോക്ക് തട്ടിപ്പറിച്ച് പ്രതി വെടിയുതിർത്തപ്പോൾ തിരിച്ച് വെടിവെക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
സ്കൂളിൽ ശുചീകരണ തൊഴിലാളിയായിരുന്ന ഷിണ്ഡെ ലൈംഗികാതിക്രമം നടത്തിയതിന് ആഗസ്റ്റ് 17നാണ് അറസ്റ്റിലാകുന്നത്. അന്വേഷണത്തിൽ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി നാട്ടുകാർ ട്രെയിൻ തടയൽ ഉൾപ്പടെയുള്ള പ്രതിഷേധത്തിനിറങ്ങുകയും പ്രതിപക്ഷ പാർട്ടികൾ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറിയിരുന്നു.
സംഭവം ഉടൻ പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ സ്കൂൾ ചെയർമാനും സെക്രട്ടറിക്കുമെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു. ഇരുവരും അറസ്റ്റിന് മുമ്പ് മുൻകൂർ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.