ബദ്‍ലാപൂർ പീഡനക്കേസ്: കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ട്രസ്റ്റികൾ ബി.ജെ.പി നേതാക്കൾ

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‍ലാപൂരിലെ പ്രീ-പ്രൈമറി ക്ലാസിലെ നാലു വയസുള്ള രണ്ട് പെൺകുട്ടികളെ ശുചീകരണതൊഴിലാളി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂൾ ട്രസ്റ്റികളുടെ ബി.ജെ.പി ബന്ധമാണ് പുറത്തുവന്നത്. സ്കൂളിന്റെ ട്രസ്റ്റികളായ തുഷാർ ശരദ് ആപ്തെയും നന്ദകിഷോർ പട്കറും ബി.ജെ.പി നേതാക്കളാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന നിരവധി പ്രാദേശിക ബി.ജെ.പി നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും ചിത്രത്തിനൊപ്പം ബാനറിൽ ബദ്‌ലാപൂരിലെ സ്കൂളിലെ ട്രസ്റ്റിമാരിൽ ഒരാളായ തുഷാർ ശരദ് ആപ്തെയും ഉണ്ടായിരുന്നു. സ്വന്തം നാട്ടിലെ പെൺകുട്ടികൾക്ക് വേണ്ടി ശബ്ദമുർത്താത്ത ഇയാൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അംബാർനാഥിലെ ബി.ജെ.പി പബ്ലിക് വെൽഫെയർ കമ്മിറ്റി പ്രസിഡന്റാണ് തുഷാർ. തുഷാറിന്റെ സഹോദരൻ ചേതൻ ആപ്തെ ബദൽപൂർ നഗരത്തിലെ ബി.ജെ.പി സിറ്റി ഡെപ്യൂട്ടി പ്രസിഡന്റാണ്. തുഷാർ ആപ്തെ ബദൽപൂർ ബി.ജെ.പി എം.എൽ.എ കിസാൻ കത്തോറി​നെ അനുമോദിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിലുണ്ട്. മറ്റൊരു ബാനറിൽ ട്രസ്റ്റ് പ്രസിഡന്റ് ഉദയ് കോട്വാളിനെയും കാണാം. മറ്റൊരു ട്രസ്റ്റിയെന്ന് സ്കൂൾ വെബ്സൈറ്റിൽ പറയുന്ന നന്ദകിഷോർ പട്കർക്കും ബി.ജെ.പി ബന്ധമുണ്ട്. കുക്ഗാവോൺ ബദ്‍ലാപൂർ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായിരുന്നു നേരത്തേ ഇയാൾ.

മുതിർന്ന അഭിഭാഷകനായ ഉജ്വൽ നികമിനെയാണ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇത് അതിജീവിതകളായ ​പെൺകുട്ടികളോട് കാണിക്കുന്ന നീതികേടാണെന്നും വിമർശനമുയർന്നിരുന്നു. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുംബൈയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച നികം പരാജയപ്പെട്ടിരുന്നു.  

Tags:    
News Summary - Badlapur sex abuse: BJP link to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.