ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി പ്രതാപ് യാദവ്, തേജ് പ്രതാപ് യാദവ് എന്നിവര്‍ക്കും റൗസ് അവന്യൂ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം വീതം ജാമ്യത്തുകയിലാണ് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയ കേസിലാണ് കോടതിയുടെ നടപടി.
മൂന്നുപേരുടെയും പാസ്പോർട്ടുകൾ ഏൽപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കോടതി സമന്‍സയച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച മൂവരും കോടതിയിൽ ഹാജരായത്. ഒക്ടോബര്‍ 25ന് കേസ് വീണ്ടും പരിഗണിക്കും. ജോലിക്ക് ഭൂമി ഇടപാട് കേസില്‍ സി.ബി.ഐ ആണ് അന്വേഷണം നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് അന്വേഷിച്ച ഇ.ഡി ആഗസ്റ്റ് ആറിനാണ് കോടതിയിൽ അന്തിമ റിപ്പോർട്ട് നല്‍കിയത്. 4,700 പേജുകളുള്ള കുറ്റപത്രത്തിൽ തൊഴിലന്വേഷകരിൽനിന്ന് ഭൂമി വാങ്ങാനായി ലാലുവിന്റെ കുടുംബം ഷെൽ കമ്പനികളെ ഉപയോഗിച്ചതായി ഇ.ഡി ആരോപിക്കുന്നു. കേസിൽ 6.02 കോടിയുടെ സ്വത്ത് മരവിപ്പിച്ച ഇ.ഡി, കമ്പനികളിലൊന്നിന്റെ ഡയറക്ടറായ അമിത് ഖത്യാലിനെ അറസ്റ്റ് ചെയ്തിരുന്നു.
2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് വെസ്റ്റ് സെന്‍ട്രല്‍ സോണിലെ ഗ്രൂപ്-ഡി തസ്തികയില്‍ അനധികൃത നിയമനം നടത്തിയെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. റെയിൽവേയിലെ രണ്ട് ഉദ്യോഗസ്ഥരെ വകുപ്പുമന്ത്രി എന്ന നിലയിൽ സ്വാധീനിച്ച ലാലു സെൻട്രൽ റെയിൽവേയിൽ ഒമ്പതുപേരെ നിയമിച്ചു. ഇതിന് പ്രത്യുപകാരമായി 4.39 കോടി വിലവരുന്ന ഭൂമി 26 ലക്ഷത്തിന് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾ ലാലു കുടുംബത്തിന് നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.