ലോക്സഭ മണ്ഡല പുനർനിർണയത്തിനെതിരായ സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിങ്മാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവർ
ചെന്നൈ: ലോക്സഭ മണ്ഡല പുനർനിർണയം 25 വർഷക്കാലത്തേക്ക് മരവിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈ ഗിണ്ടിയിലെ നക്ഷത്ര ഹോട്ടലിൽ ചേർന്ന വിവിധ പ്രതിപക്ഷ പാർട്ടി ഭരണകർത്താക്കളുടെയും നേതാക്കളുടെയും സംയുക്ത ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇതേ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. പുനർനിർണയത്തിന്റെ അടിസ്ഥാനം 1971ലെ ജനസംഖ്യയായിരിക്കണമെന്നും മണ്ഡല പുനർ നിർണയം 2026 മുതൽ 25 വർഷക്കാലത്തേക്ക് നിർത്തിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പാർലമെന്റിൽ ഉറപ്പുനൽകണമെന്നും യോഗം ആവശ്യപ്പെട്ടു. എം.പിമാരുടെ സംഘം മോദിയെ നേരിൽക്കണ്ട് സമ്മർദം ചെലുത്തും. പാർലമെന്റിൽ നിലവിലുള്ള എം.പിമാരുടെ എണ്ണത്തിൽ മാറ്റമുണ്ടാവരുത്. അതാത് സംസ്ഥാനങ്ങളിൽ സർവകക്ഷിയോഗം വിളിച്ചുകൂട്ടി പ്രമേയം പാസാക്കാനും യോഗം തീരുമാനിച്ചു.
രാജ്യത്തിന്റെ ജനാധിപത്യവും ഫെഡറൽ സംവിധാനവും സംരക്ഷിക്കേണ്ടതുണ്ടെന്നും ഇത് ചരിത്രദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു. മണ്ഡല പുനഃക്രമീകരണം പാർലമെന്റിലെ പ്രാതിനിധ്യം കുറയുന്നതിന് കാരണമാകും. ജനസംഖ്യാ നിയന്ത്രണ പദ്ധതികൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളാണ് ഏറെ ബാധിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ പോരാട്ടം നടത്തണമെന്നും തമിഴ്നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡല പുനർ വിഭജന വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് കേന്ദ്ര സർക്കാറിന്റെ കടമയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മണ്ഡല പുനർനിർണയം ഡമോക്ലസിന്റെ വാളാണ്. ഭരണഘടനയും ജനാധിപത്യ നടപടിക്രമങ്ങളും പാലിക്കാതെ ബി.ജെ.പി സർക്കാർ പൊടുന്നനെ പുനർവിന്യാസം നടത്താനാണ് പദ്ധതിയിടുന്നത്. സമവായത്തിലെത്തിയതിനുശേഷം മാത്രമേ മണ്ഡല പുനഃക്രമീകരണം നടത്താൻ പാടുള്ളൂവെന്നും പിണറായി വിജയൻ പറഞ്ഞു.
ഫെഡറൽ വ്യവസ്ഥിതി സംരക്ഷിക്കപ്പെടുന്നതിനുള്ള ചുവടുവെപ്പാണ് ഈ യോഗമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പുനർനിർണയത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു. ജനസംഖ്യാടിസ്ഥാനത്തിൽ പുനർനിർണയം നടത്തരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിങ്മാൻ ആവശ്യപ്പെട്ടു.
ശിരോമണി അകാലിദൾ, മുസ്ലിം ലീഗ്, ബിജു ജനതാദൾ, ആം ആദ്മി, ജനസേനാ ഭാരതീയ രാഷ്ട്രീയ സമിതി ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽനിന്നുള്ള 23 രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. പിന്തുണക്കുന്നതായി അറിയിച്ചെങ്കിലും പ്രതിനിധിയെ അയക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി തയാറായില്ല. മുൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് വിഡിയോ കോൺഫറൻസിങ് മുഖേന സംസാരിച്ചു.
കെ.സുധാകരൻ എം.പി, ബിനോയ്വിശ്വം, എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.എം.എ. സലാം ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. അടുത്തഘട്ട യോഗം ഹൈദരാബാദിൽ നടക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു. പ്രതിഷേധ സൂചകമായി വിവിധയിടങ്ങളിൽ ബി.ജെ.പി കരിങ്കൊടി പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.