ന്യൂഡൽഹി: ജഡ്ജിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി പുറത്ത് വിട്ടു. ജസ്റ്റിസ് യശ്വന്ത് വർമ്മയെ കുരുക്കിലാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതി വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്തത്. വിവാദത്തിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സുപ്രീംകോടതി നടപടി.
സുപ്രീംകോടതി കൊളീജിയം അംഗങ്ങളായ ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് എ.എസ് ഓഖ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് റിപ്പോർട്ട് പരസ്യമാക്കാൻ തീരുമാനിച്ചത്. വിവാദത്തിൽ വ്യാജ വിവരങ്ങൾ പങ്കുവെക്കപ്പെടുന്നത് തടയാൻ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നത് ഗുണകരമാവുമെന്ന് കൊളീജിയം അംഗങ്ങൾ നിലപാടെടുത്തുവെന്നാണ് സൂചന.
ജസ്റ്റിസ് വർമ്മയുടെ പ്രതികരണവും റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതുകൂടാതെ ചില ചിത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സ്വകാര്യത ഉറപ്പാക്കുന്നതിനായി ചില പേരുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ മറച്ചിട്ടുണ്ട്.
വീട്ടിൽ തീപിടിത്തമുണ്ടാവുമ്പോൾ താൻ അവിടെയുണ്ടായിരുന്നില്ലെന്നാണ് ജസ്റ്റിസ് വർമ്മ അറിയിച്ചതെന്ന് അന്വേഷണം നടത്തിയ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മകളിൽ നിന്നാണ് താൻ വിവരമറിഞ്ഞതെന്നായിരുന്നു വർമ്മയുടെ മൊഴി. തീപിടിത്തമുണ്ടായ റൂമിന്റെ പൊലീസ് കമീഷണർ കൈമാറിയ ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച് കൊടുത്തപ്പോൾ അതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജഡ്ജിയുടെ മൊഴി. അതേസമയം, നിലവിൽ ലഭിച്ചിരിക്കുന്ന വിവരങ്ങളിലുടെ അടിസ്ഥാനത്തിൽ പണം കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ശിപാർശ ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ റൂമിൽ പണമെങ്ങനെ വന്നു, ഈ പണത്തിന്റെ ഉറവിടം എന്താണ്, റൂമിൽ നിന്നും കത്തിക്കരിഞ്ഞ കറൻസി നോട്ടുകൾ ആരാണ് മാറ്റിയത് തുടങ്ങിയ മൂന്ന് ചോദ്യങ്ങളാണ് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഇതിന് മറുപടിയായി തന്റെ വീട്ടിൽ ആരും പണം സൂക്ഷിച്ചിട്ടില്ലെന്നും തീപിടിത്തമുണ്ടായതിന് ശേഷം ഫയർഫോഴ്സും പൊലീസും പോയതിന് ശേഷം കത്തിക്കരിഞ്ഞ നിലയിൽ തങ്ങൾ പണം കണ്ടിട്ടില്ലെന്നുമാണ് യശ്വന്ത് വർമ്മയുടെ മൊഴി. ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടായെന്നും അദ്ദേഹം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.