ചെന്നൈ: മണ്ഡല പുനർ നിർണയത്തിനെതിരെ തെന്നിന്ത്യൻ പ്രതിരോധം തീർത്ത് ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. മണ്ഡല പുനർനിർണയ വിഷയം തമിഴ്നാട്ടിൽ ഒതുക്കാതെ പ്രശ്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ കഴിഞ്ഞതാണ് ഡി.എം.കെക്കും സ്റ്റാലിനും നേട്ടമായത്.
ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭ മണ്ഡല പുനർനിർണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ചെന്നൈയിൽ വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗം വിജയകരമായി പര്യവസാനിച്ചത് സ്റ്റാലിന്റെ രാഷ്ട്രീയ നേതൃപാടവത്തിന്റെ തെളിവാണ്.
ചെന്നൈ ഗിണ്ടിയിലെ ഐ.ടി.സി ഗ്രാൻഡ് ചോള നക്ഷത്ര ഹോട്ടലിൽ ‘ഫെയർ ഡീലിമിറ്റേഷൻ- ജോയന്റ് ആക്ഷൻ കമ്മിറ്റി’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച യോഗത്തിൽ ഏഴ് സംസ്ഥാനങ്ങളിൽനിന്നുള്ള 29 വിവിധ രാഷ്ട്രീയകക്ഷി നേതാക്കളാണ് പങ്കെടുത്തത്. ഒട്ടുമിക്ക നേതാക്കളും യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനെ പ്രകീർത്തിക്കുകയും ചെയ്തു.
പങ്കെടുത്ത അതിഥികൾക്ക്, വനിതാ സ്വാശ്രയ സംഘങ്ങൾ തയാറാക്കിയ ഷാളുകൾ, കാഞ്ചീപുരം കൈത്തറി പട്ട്, ഊട്ടി വർക്കി, കന്യാകുമാരി ഗ്രാമ്പൂ, കോവിൽപട്ടി നിലക്കടല മിഠായി, ഈറോഡ് മഞ്ഞൾ, കൊടൈക്കനാൽ വെളുത്തുള്ളി എന്നിവയുൾപ്പെടെ തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക ഉൽപന്നങ്ങൾ സമ്മാനിച്ചു.
ഇന്ത്യൻ ജനാധിപത്യവും ഫെഡറൽ സംവിധാനവും സംരക്ഷിക്കാൻ ഒന്നിച്ച ദിവസം രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിക്കുമെന്നാണ് സ്റ്റാലിൻ പറഞ്ഞത്. മകനും ഉപമുഖ്യമന്ത്രിയുമായ ഉദയ്നിധി സ്റ്റാലിന് യോഗത്തിൽ നൽകിയ പ്രാമുഖ്യവും ശ്രദ്ധേയമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർവിന്യാസം നടത്തിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരണം നടത്താനും ഉദയ്നിധിക്ക് അവസരം ലഭ്യമാക്കി.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ജനസംഖ്യ മാത്രം അടിസ്ഥാനമാക്കി ലോക്സഭ മണ്ഡലങ്ങളുടെ അതിർത്തി നിർണയം നടത്തിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രാതിനിധ്യം ഏകദേശം മുപ്പത് ശതമാനം കൂടുമെന്നാണ് പറയുന്നത്. അതോടൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രാതിനിധ്യം കുറക്കാനും കഴിയും. ഇതിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പിക്കുന്നതിന് കഴിയുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടിയത്.
ഇക്കാര്യം സ്റ്റാലിൻ മുൻകൂട്ടിക്കണ്ട് ദേശീയ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവന്നതോടെ ലോക്സഭ മണ്ഡല പുനർനിർണയത്തിലൂടെ ഹിന്ദി മേഖലയിൽ കൂടുതൽ സീറ്റുകളുറപ്പിക്കുന്നതിനുള്ള കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്റെ ‘ഹിഡൻ അജണ്ട’ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പായിരിക്കുകയാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
ബംഗളൂരു: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ലോക്സഭ മണ്ഡല പുനർനിർണയത്തിനെതിരായ യോഗത്തിനെതിരെ ആർ.എസ്.എസ് ജോയന്റ് ജനറൽ സെക്രട്ടറി അരുൺ കുമാർ. നേതാക്കളുടെ ആശങ്കകൾ യഥാർഥമാണോ അതോ രാഷ്ട്രീയ പ്രേരിതമാണോ എന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രം ഇതുവരെ ഈ പ്രക്രിയ ആരംഭിച്ചിട്ടില്ലാത്തതിനാൽ അത്തരം ചർച്ചകൾ ഒഴിവാക്കണമെന്നും അരുൺ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.