ഭുപനേശ്വർ: 297 പേരുടെ ജീവൻ കവർന്ന ബാലാസോർ ട്രെയിനപകടത്തിൽ തിരിച്ചറിയാനാകാത്ത മൃതദേങ്ങൾ അടക്കം ചെയ്യാൻ ഭുപനേശ്വർ മുൻസിപ്പൾ കോർപറേഷന്‍റെ നിർദേശം. അപകടം നടന്ന് നാല് മാസത്തിന് ശേഷമാണ് മൃതദേഹം അടക്കം ചെയ്യുന്നത്. മൃതദേഹങ്ങൾ ശാസ്ത്രീയമായി അടക്കം ചെയ്യുന്നതിന് പ്രത്യേക ക്രമവും ബി.എം.സി പുറത്തുവിട്ടിട്ടുണ്ട്.
സി.ബി.ഐ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിലായിരിക്കും ഇവരുടെ മൃതദേഹം സംസ്കാരത്തിനായി കോർപറേഷന് കൈമാറുക. ചൊവ്വാഴ്ചയോടെ സത്യനഗർ, ഭരത്പൂർ പ്രദേശങ്ങളിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും ബി.എം.സി മേയർ സുലോചന ദാസ് പറഞ്ഞു.
ജൂണിൽ നടന്ന അപകടത്തിന് പിന്നാലെ മൃതദേഹങ്ങൾ ഭുപനേശ്വർ എയിംസ് ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. എയിംസ് അധികൃതർ മൃതദേഹങ്ങൾ ബി.എം.സി അധികാരികൾക്ക് കൈമാറുകയും മനുഷ്യാവകാശ നിയമം, കേന്ദ്ര-സംസ്ഥാന നിയമങ്ങൾ എന്നിവ അനുശാസിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച് മറ്റ് നടപടികളിലേക്ക് കടക്കും. സംസ്കാര ചടങ്ങുകളുടെ മുഴുവൻ പ്രക്രിയകളുടേയും വീഡിയോ ചിത്രീകരിക്കണമെന്നും നിർദേശമുണ്ട്.
162 മൃതദേഹങ്ങളാണ് എയിംസ് ആശുപത്രിയിലേക്കെത്തിയത്. ഇതിൽ 81 മൃതദേഹങ്ങൾ ആദ്യ ഘട്ടത്തിൽ കുടുംബാംഗങ്ങൾക്ക് കൈമാറി. പിന്നീട് നടത്തിയ ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിൽ 53 മൃതദേഹങ്ങൾ കൂടി കുടുംബങ്ങൾക്ക് വിട്ടുനൽകിയിരുന്നു. തിരിച്ചറിയാനാകാത്ത 28 പേരുടെ മൃതദേഹമാണ് ഇനിയും അവശേഷിക്കുന്നത്.
ജൂൺ രണ്ടിനായിരുന്നു ദുരന്തം. കൊറാമണ്ഡൽ-ചെന്നൈ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നിവ കൂട്ടിയിടിച്ചായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.