ബംഗളൂരു: കന്നട സിനിമ മേഖലയെ പിടിച്ചുലച്ച മയക്കുമരുന്ന് കേസിൽ ഇതുവരെ ശക്തമായ തെളിവ് ലഭിക്കാത്തത് അന്വേഷണത്തിൽ തിരിച്ചടിയാവും. നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അടക്കം 10 പേർ അറസ്റ്റിലായ കേസിൽ ഡിജിറ്റൽ തെളിവുകളിലൂന്നിയാണ് അന്വേഷണം നീങ്ങുന്നത്. സെനഗൽ സ്വദേശിയിൽനിന്ന് 10 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തത് ഒഴിച്ചുനിർത്തിയാൽ മറ്റു പ്രതികളിൽനിന്ന് നേരിട്ടുള്ള ഒരു തെളിവും കണ്ടെടുക്കാനായിട്ടില്ല. നടിമാരുടെയടക്കം രക്ത- മൂത്ര സാമ്പിളുകൾ പരിശോധനക്കയച്ചതിൽ മാത്രമാണ് അന്വേഷണസംഘത്തിെൻറ പ്രതീക്ഷ. പരിശോധനഫലം പ്രതികൾക്കെതിരായാൽ കോടതിയിൽ ഇത് പ്രധാന തെളിവാകും.
അതേസമയം, സെൻട്രൽ ക്രൈം ബ്രാഞ്ചിെൻറ കസ്റ്റഡിയിലായിരുന്ന നടി രാഗിണി ദ്വിവേദി, മലയാളി മോഡൽ നിയാസ് മുഹമ്മദ് എന്നിവരടക്കം ഏഴു പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
14 ദിവസത്തേക്ക് റിമാൻഡിലായ ഇവരെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. നടി സഞ്ജന ഗൽറാണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. സഞ്ജന, ഇവൻറ് മാനേജർ വിരേൻ ഖന്ന, രവിശങ്കർ എന്നിവരുടെ പൊലീസ് കസ്റ്റഡി തുടരും. എൻ.സി.ബി രജിസ്റ്റർ ചെയ്ത മയക്കുമരുന്നു കേസിലെ പ്രതികളായ ഡി. അനിഘ, അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും വെള്ളിയാഴ്ചത്തേക്ക് മാറ്റി. രാഗിണി, സഞ്ജന, വിരേൻ ഖന്ന എന്നിവർക്കെതിരെ എൻ.ഡി.പി.എസ് ആക്ടിലെ സെക്ഷൻ 29 പ്രകാരമാണ് സി.സി.ബി കേസ്. ഇരുവരും മയക്കുമരുന്ന് ഇടപാട് നടത്തുകയും വിേരൻ ഖന്ന സംഘടിപ്പിച്ച പാർട്ടികളിൽ നിയാസ്, രാഹുൽ, രവിശങ്കർ തുടങ്ങിയവരെ ഉപയോഗിച്ച് ഇവ വിതരണം ചെയ്തെന്നുമാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ.
എന്നാൽ, മൂവരുടെയും വീടുകളിൽ സി.സി.ബി റെയ്ഡ് നടത്തിയെങ്കിലും മയക്കുമരുന്ന് കണ്ടെത്തിയിരുന്നില്ല. വിരേൻ ഖന്ന, രവിശങ്കർ, രാഹുൽ, നിയാസ് എന്നിവരുടെ മൊബൈൽ ഫോണുകളിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.