ന്യൂഡൽഹി: മദ്യനയക്കേസിൽ ഇ.ഡിക്കായി ഹാജരായ അഭിഭാഷകരുടെ കൂട്ടത്തിൽ, ന്യൂഡൽഹി ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളുമായ ബാൻസുരി സ്വരാജിന്റെ പേരും. ബി.ജെ.പിയും ഇ.ഡിയും ഒന്നാണെന്ന തങ്ങളുടെ നിലപാടിന് തെളിവായി ആം ആദ്മി പാർട്ടി ഇക്കാര്യം ഉയർത്തിക്കാട്ടിയതോടെ ബി.ജെ.പി പ്രതിരോധത്തിലായി.
സുപ്രീംകോടതി പുറപ്പെടുവിച്ച സഞ്ജയ് സിങ്ങിന്റെ ജാമ്യ ഉത്തരവിൽ ഇ.ഡി അഭിഭാഷകയായി ബാൻസുരി ഇടംപിടിച്ചത് സമൂഹമാധ്യമങ്ങളിൽ ആപ് വ്യാപകമായി പ്രചരിപ്പിച്ചു. ഡൽഹി മന്ത്രിയും ആപ് നേതാവുമായ സൗരഭ് ഭരദ്വാജ് സുപ്രീംകോടതി ഉത്തരവിലെ ബാൻസുരിയുടെ പേരുള്ള ഭാഗം ‘എക്സി’ൽ പങ്കുവെച്ചു.
ഇതോടെ ഇ.ഡിക്കായി ഹാജരായ അഭിഭാഷകരുടെ കൂട്ടത്തിൽനിന്ന് ബാൻസൂരിയുടെ പേര് നീക്കണമെന്ന ആവശ്യവുമായി ഇ.ഡി അഭിഭാഷകൻ സൊഹേബ് ഹുസൈൻ സുപ്രീംകോടതിയെ സമീപിച്ചു. ബാൻസുരിയുടെ പേര് യാന്ത്രികമായി ഉൾപ്പെടുത്തിയതാണെന്നായിരുന്നു വാദം. സഞ്ജയ് സിങ്ങിന് ജാമ്യം നൽകിയ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന മുമ്പാകെ ഇക്കാര്യം ഉന്നയിച്ചപ്പോൾ ആവശ്യമായത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.