ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെയും കൊളീജിയത്തെയും വിമർശിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെക്ക് ബാർ കൗൺസിൽ ഒാഫ് ഇന്ത്യയുടെ കാരണം കാണിക്കൽ നോട്ടീസ്. രാജ്യത്തെ ജുഡീഷ്യറിയെ അവമതിച്ചതിന് നടപടിയെടുക്കാതിരിക്കാൻ നാലാഴ്ചക്കകം കാരണം ബോധിപ്പിക്കണമെന്നാണ് നിർദേശം.
ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഗുജറാത്ത് ഹൈകോടതി ജഡ്ജി ജയന്ത് പേട്ടലിനെ സുപ്രീംകോടതി ജഡ്ജിയാക്കാതെ സ്ഥലം മാറ്റിയതിനാണ് ദുഷ്യന്ത് ദവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും കൊളീജിയത്തെയും വിമർശിച്ചത്.
സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ജയന്ത് എം. പേട്ടൽ രാജിവെച്ചതിനെ തുടർന്നാണ് ചാനൽ ചർച്ചയിൽ ദുഷ്യന്ത് ദവെ രൂക്ഷവിമർശനം നടത്തിയത്. ജയന്ത് പേട്ടലിെൻറ രാജിക്ക് ഇടയാക്കിയ സംഭവത്തിൽ നിയമലോകത്ത് വൻ പ്രതിഷേധമുയർന്നതിെൻറ തുടർച്ചയാണ് ദുഷ്യന്ത് ദവെയുടെ വിമർശനം. യോഗ്യതയുണ്ടായിട്ടും ജയന്ത് പേട്ടലിനെ പരിഗണിക്കാത്തതിനെതിരെ മാർച്ച് 16ന് ദുഷ്യന്ത് ദവെ കത്തെഴുതിയിരുന്നു. ഇൗയിടെ നിയമിച്ച നാല് ജഡ്ജിമാരും അദ്ദേഹത്തിെൻറ ജൂനിയർമാരായിരുന്നുവെന്ന് ദവെ കത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, അതിന് ശേഷം ഒമ്പത് ഹൈകോടതി ജഡ്ജിമാരെ നിയമിച്ചപ്പോഴും ജയന്തിനെ പരിഗണിച്ചില്ല.
തുടർന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം രാജിവെച്ചതോടെ സംഭവം വിവാദമായി. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ കറുത്ത ദിനമാണിതെന്നും മുൻ അരുണാചൽ മുഖ്യമന്ത്രി കലിഖോ പുലിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമുള്ളതിനാൽ ചീഫ് ജസ്റ്റിസിൽനിന്ന് താൻ ഇതിലേറെ പ്രതീക്ഷിക്കുന്നില്ലെന്നും ദവെ പറഞ്ഞു. ഇതേതുടർന്നാണ് ബാർ കൗൺസൽ നോട്ടീസ് അയച്ചത്. അതേ സമയം, നോട്ടീസ് പിൻവലിക്കണമെന്ന് ഗുജറാത്ത് ബാർ അസോസിയേഷൻ, ബാർ കൗൺസിൽ ഒാഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.