ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതിനു പിന്നാലെ പിന്തുണയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്കിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.
''പൊലീസ് ബാരിക്കേഡുകൾ, ഇ.ഡിയുടെ പൊള്ളയായ ഭീഷണികൾ, ലാത്തികൾ, ജലപീരങ്കികൾ എന്നിവക്കൊന്നും സത്യത്തിന്റെ കൊടുങ്കാറ്റിനെ തടയാൻ കഴിയില്ല. സത്യത്തിന്റെ അജയ്യമായ ശബ്ദത്തെ രാഹുൽ ഗാന്ധി എന്ന് വിളിക്കുന്നു'' -പ്രിയങ്ക പറഞ്ഞു.
നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി ഉൾപ്പടെ നൂറുകണക്കിന് പ്രവർത്തകരോടൊപ്പം കാൽനടയായണ് ഇ.ഡിക്ക് മുന്നിൽ ഹാജരായത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇ.ഡി രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തും. നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എന്ന സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം. കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ചിന് മുന്നോടിയായി എ.പി.ജെ അബ്ദുൽ കലാം റോഡിലെ ഇ.ഡി ആസ്ഥാനത്തിന് മുന്നിൽ പൊലീസ് ഇന്ന് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.