ശ്രീനഗർ: സർക്കാറിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടിനൊപ്പം നിൽക്കുന്നവർക്ക് മാത്രമായി ലഭിക്കുന്ന ‘ആഡംബര’മായി ഇന്ത്യയിൽ മൗലികാവകാശങ്ങൾ മാറിയതായി ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനയച്ച കത്തിലാണ് വിമർശനം. 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു-കശ്മീരിൽ വിശ്വാസക്കുറവും അന്യവത്കരണവും കൂടി. രാജ്യത്ത്, പ്രത്യേകിച്ച് ജമ്മു-കശ്മീരിൽ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് അങ്ങേയറ്റം ഉത്കണ്ഠയോടുകൂടിയാണ് കത്തെഴുതുന്നതെന്ന് അവർ ട്വീറ്റ് ചെയ്തു.
ജനാധിപത്യത്തിൽ സാധാരണ കേസുകളിൽ ജാമ്യം നൽകാൻ കീഴ് കോടതികൾക്ക് കഴിയാത്തതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസിന്റെ സമീപകാല നിരീക്ഷണങ്ങൾ പത്രങ്ങളിൽ ഒറ്റക്കോളം വാർത്തക്ക് പകരം ഒരു നിർദേശമാക്കണമായിരുന്നു. വെള്ളിയാഴ്ച ആന്ധ്രപ്രദേശ് ജുഡീഷ്യൽ അക്കാദമിയുടെ ഉദ്ഘാടന വേളയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അഭിഭാഷകരെ കിട്ടാത്തതിനാൽ 63 ലക്ഷം കേസുകൾ വൈകുന്നതായും പ്രമാണത്തിന്റെയോ രേഖയുടെയോ അഭാവത്തിൽ 14 ലക്ഷത്തിലധികം കേസുകൾ വൈകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണഘടന അനുശാസിക്കുന്നതും പൗരന്മാർക്ക് ഉറപ്പുനൽകുന്നതുമായ മൗലികാവകാശങ്ങൾ തടസ്സപ്പെടുത്തുന്നത് ഞെട്ടിക്കുന്നതാണെന്ന് പി.ഡി.പി അധ്യക്ഷകൂടിയായ മഹ്ബൂബ പറഞ്ഞു. ന്യൂനപക്ഷങ്ങൾ സാമൂഹികമായി കൂടുതൽ തരംതാഴ്ത്തപ്പെടുന്നു. ഏകമത രാഷ്ട്രത്തിന് അടിത്തറ പാകുന്നതിനാണ് ഈ നീക്കമെന്നത് ഏറെ ആശങ്കയുണർത്തുന്നു.
2019 മുതൽ ജമ്മു-കശ്മീരിലെ മൗലികാവകാശങ്ങൾ ഏകപക്ഷീയമായി തടഞ്ഞു. അന്നു നൽകിയ ഉറപ്പുകൾ ഭരണഘടന വിരുദ്ധമാക്കുകയും റദ്ദാക്കുകയും ചെയ്തു. നൂറുകണക്കിന് ചെറുപ്പക്കാർ കേന്ദ്രഭരണ പ്രദേശത്തിന് പുറത്തുള്ള ജയിലുകളിൽ വിചാരണത്തടവുകാരായി. നിയമസഹായം ലഭിക്കാൻ പര്യാപ്തമല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിൽപെട്ടവരായതിനാൽ അവരുടെ അവസ്ഥ കൂടുതൽ വഷളായെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.