ന്യൂഡൽഹി: മെഡിക്കൽ ഓക്സിജൻ നിലച്ചതിനെ തുടർന്ന് ഡൽഹിയിലെ ബത്ര ഹോസ്പിറ്റലിൽ മരിച്ചത് ഡോക്ടറടക്കം എട്ട് കോവിഡ് രോഗികൾ. ശനിയാഴ്ച ഉച്ചക്ക് 11.45 ഓടെയാണ് ഇവരുടെ മരണം സംഭവിച്ചത്. 1.30ഒാടെ ഓക്സിജൻ ടാങ്കർ ആശുപത്രിയിലെത്തിയ ശേഷമാണ് ഓക്സിജൻ വിതരണം പുനരാരംഭിച്ചത്. 80 മിനിറ്റോളമാണ് ഗുരുതരനിലയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള 230 രോഗികൾക്ക് ഓക്സിജൻ ഇല്ലാതെ കഴിയേണ്ടി വന്നത് എന്ന് ആശുപത്രി അധികൃതർ ഡൽഹി ഹൈകോടതിയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ആശുപത്രിയിലെ ഐ.സി.യുവിലുണ്ടായിരുന്ന ആറ് രോഗികളും കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ആശുപത്രിയിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം തലവൻ ഡോ. ആർ.കെ. ഹിമാതാനിയും മരിച്ചവരിൽ ഉൾപ്പെടും. 307 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അതിൽ 230 പേർ ഓക്സിജൻ സപ്പോർട്ടിൽ കഴിയുന്നവരാണ്. രാവിലെ ആറിന് തന്നെ ഓക്സിജൻ തീരുന്നത് സംബന്ധിച്ച് അധികൃതരെ അറിയിച്ചിരുന്നെന്ന് ബത്ര ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സുധാൻശു ബങ്കട കോടതിയെ അറിയിച്ചു.
'ആരും മരിച്ചില്ലെന്ന് കരുതുന്നു' എന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചപ്പോൾ 'ഞങ്ങളുടെ ഡോക്ടറടക്കം എട്ടുപേർ മരിച്ചു' എന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. ഇത് രണ്ടാം തവണയാണ് ബത്ര ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം നേരിടുന്നത്. ഏപ്രിൽ 24ന് ഓക്സിജൻ നിലക്കുമെന്ന അവസ്ഥ എത്തിയെങ്കിലും അവസാന നിമിഷം പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.