ഹൈദരാബാദ്: ഹൃദയം നുറുങ്ങുന്ന വേദനകൾ മാത്രം ബാക്കിയുള്ള കോവിഡ് കാലത്തും പരസ്പരം കുടഞ്ഞുകീറുന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ മനുഷ്യസ്നേഹത്തിന്റെ വറ്റാത്ത ഉറവയായി ഒരു സൗഹൃദം. ഹൈദരാബാദിലെ പ്രശസ്തമായ ലാൽ ദർവാസ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും എവിടെയും ഒഴിവുണ്ടായിരുന്നില്ല. എല്ലാ ആശുപത്രികളിലും നിറയെ രോഗികൾ.
ഒടുവിൽ നാട്ടുകാരൻ കൂടിയായ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡന്‍റ് അസദുദ്ദീൻ ഉവൈസിയെ ബന്ധപ്പെടുകയായിരുന്നു. പ്രായാധിക്യവും അണുബാധയും പ്രയാസപ്പെടുത്തിയ മുഖ്യപുരോഹിതനുവേണ്ടി ഉവൈസി നേരിട്ട് വിളിച്ച് പാർട്ടി നടത്തുന്ന അസ്റ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാജ്യം മുഴുക്കെ ആശുപത്രികളിൽ ഇടമില്ലായ്മയും ഓക്സിജൻ ക്ഷാമവും കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് മനുഷ്യത്വത്തിന്‍റെ നിറമുള്ള പുതിയ സംഭവം.
മൂന്നു ലക്ഷത്തിനു മുകളിലാണ് രാജ്യത്തിപ്പോൾ രോഗികളുടെ പ്രതിദിന കണക്ക്. എല്ലാ നിയന്ത്രണങ്ങളും അവസാനിച്ച് മരണ വെപ്രാളമാണ് പല സംസ്ഥാനങ്ങളിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.