ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ കുറിച്ച് ബി.ബി.സി തയാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡൽഹി അംബേദ്കർ സർവ്വകലാശാലയിലും ഡൽഹി സർവകലാശാലയിലും ഇന്ന് പ്രദർശിപ്പിക്കും. വ്യാഴാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. പൊലീസോ സർക്കാരോ ക്യാമ്പസിലെ പ്രദർശനം തടയാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
എസ്എഫ്‌ഐ ഹൈദരാബാദ് സർവകലാശാലയിലും ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം, അവിടെ ആർഎസ്‌എസിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപി വിവേക് അഗ്നിഹോത്രിയുടെ വിവാദ ചിത്രമായ 'ദ കശ്മീർ ഫയൽസ്' ആണ് പ്രദർശിപ്പിച്ചത്.
ജെ.എൻ.യുവിൽ പ്രദർശനത്തിനിടെ എബിവിപി നടത്തിയ ആക്രമണത്തിനെതിരെ വിദ്യാർത്ഥി യൂണിയൻ ഇന്നലെ രാത്രി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ജെ.എൻ.യുവിലെയും ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ (എഐഎസ്എ) ഇന്ന് അംബേദ്കർ സർവകലാശാലയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചതിന് ജെ.എൻ.യുവിലെയും ജാമിഅയിലെയും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് ക്രൂരതയെ അസോസിയേഷൻ അപലപിച്ചിരുന്നു.
അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി ഇപ്പോഴും തുടരുകയാണ്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ കേന്ദ്രസർക്കാർ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.