'ഗുജറാത്ത് വംശഹത്യ വി.എച്ച്.പി മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു, ഗോധ്ര ഒരു നിമിത്തം മാത്രം'; ബ്രിട്ടീഷ് സർക്കാറിന്‍റെ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

2002ലെ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ അക്രമങ്ങൾ വിശ്വ ഹിന്ദു പരിഷത്ത് മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്ന് ബ്രിട്ടീഷ് സർക്കാറിന്‍റെ അന്വേഷണ റിപ്പോർട്ട്. 'ദ കാരവൻ' ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ബി.ബി.സിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററിക്ക് ആധാരമായ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചതായും, ഗുജറാത്തിലെ അക്രമം മുൻകൂട്ടിത്തന്നെ ആസൂത്രണം ചെയ്തതാകാമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായും കാരവൻ പറയുന്നു. ഗോധ്ര ട്രെയിൻ തീവെപ്പ് ഗുജറാത്തിൽ അക്രമങ്ങൾക്കുള്ള സാഹചര്യമായിത്തീർന്നു. ഗോധ്ര സംഭവിച്ചില്ലായിരുന്നെങ്കിൽ അക്രമത്തിന് മറ്റൊരു കാരണം കണ്ടെത്തുമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നതിനുള്ള തെളിവുകൾ ബ്രിട്ടീഷ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. 'കലാപകാരികൾ മുസ്ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് കമ്പ്യൂട്ടറിൽ തയാറാക്കിയ പട്ടിക ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നു. പട്ടികയിലെ കൃത്യതയും വിശദാംശങ്ങളും വ്യക്തമാക്കുന്നത് ഇത് മുൻകൂട്ടി തയാറാക്കിയിരുന്നു എന്നതാണ്'.

മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് വംശഹത്യയിൽ നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നാണ് ബ്രിട്ടീഷ് അന്വേഷണ റിപ്പോർട്ടിലെ മറ്റൊരു പ്രസക്തമായ ഭാഗം. വി.എച്ച്.പിയും സഖ്യകക്ഷികളും സംസ്ഥാന സർക്കാറിന്‍റെ പൂർണ പിന്തുണയിലാണ് ഇറങ്ങിയത്. എന്തുചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന സാഹചര്യം സംസ്ഥാന സർക്കാർ ഉണ്ടാക്കിയെടുക്കാതെ വി.എച്ച്.പിക്ക് ഇത്രയേറെ ചെയ്യാനാവില്ല. മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണ്. അക്രമത്തിന്‍റെ വ്യാപ്തിയെ കുറിച്ചും മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തതിൽ പൊലീസിനുള്ള പങ്കിനെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. 'മനുഷ്യാവകാശ പ്രസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വസനീയമായ കണക്ക് പ്രകാരം മരണങ്ങൾ 2000 വരെയാണ്. കൊലപാതകങ്ങളോടൊപ്പം മുസ്ലിം സ്ത്രീകൾ വ്യാപകമായി ബലാത്സംഗത്തിനിരയായി, പൊലീസും ചിലയിടത്ത് ഇതിന്‍റെ ഭാഗമായി. അക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞുകൊണ്ട് സർക്കാറിന്‍റെ തന്നെ സമ്മർദമുണ്ടായെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു'.

ബ്രിട്ടീഷ് സർക്കാറിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ

(ചില പേരുകൾ ഒഴിവാക്കിയിട്ടുണ്ട്)

1. അക്രമത്തിന്റെ വ്യാപ്തി റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ കൂടുതലാണ്. കുറഞ്ഞത് 2000 പേർ കൊല്ലപ്പെട്ടു. മുസ്ലിം സ്ത്രീകളെ വ്യാപകവും ആസൂത്രിതവുമായി ബലാത്സംഗത്തിനിരയാക്കി. 1,38,000 അഭയാർഥികളെ സൃഷ്ടിച്ചു. ഹിന്ദു മേഖലയിലും ഹിന്ദു-മുസ്ലിം ഇടകലർന്നുള്ള മേഖലയിലും മുസ്ലിം വ്യാപാരസ്ഥാപനങ്ങൾ ലക്ഷ്യമിട്ടു.

2. അക്രമം ആസൂത്രണം ചെയ്തതാണ്. മുൻകൂട്ടിത്തന്നെ ആസൂത്രണം ചെയ്യപ്പെട്ടതാകാനും സാധ്യതയുണ്ട്. രാഷ്ട്രീയമായ ആക്രമണം കൂടിയാണ്. ഹിന്ദു പ്രദേശങ്ങളിൽ നിന്ന് മുസ്ലീംകളെ തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യം. സംസ്ഥാന സർക്കാറിന്‍റെ സംരക്ഷണത്തിൽ വിശ്വ ഹിന്ദു പരിഷത്ത് അക്രമം നയിച്ചു. മോദി മുഖ്യമന്ത്രിയായി തുടരുമ്പോൾ അക്രമത്തിന് അറുതിയുണ്ടാക്കുക അസാധ്യമായിരുന്നു.

3. (പേര് ഒഴിവാക്കിയിട്ടുണ്ട്) ഏപ്രിൽ എട്ട് മുതൽ 10 വരെ ഗുജറാത്തിലെ അഹമ്മദാബാദ് സന്ദർശിച്ചു. മനുഷ്യാവകാശ പ്രവർത്തകർ, രണ്ട് വിഭാഗങ്ങളിലെയും നേതാക്കൾ, ഡയറക്ടർ ജനറൽ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, വ്യാപാരി നേതാക്കൾ എന്നിവരെ കണ്ടു. സംസ്ഥാന സർക്കാറിന്‍റെ പ്രതിനിധികളെ കണ്ടില്ല.

നിലവിലെ സാഹചര്യം

4. അഹമമദാബാദ് ഇപ്പോൾ ശാന്തമാണ്. എന്നാൽ, ഗ്രാമമേഖലകളിൽ ഇടക്കിടെ അക്രമം ഉടലെടുക്കുന്നുണ്ട്. ഫെബ്രുവരി 27ന് തുടങ്ങിയ അക്രമത്തിന്‍റെ വ്യാപ്തി ഞങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തതിലും വലുതാണ്. 840 പേർ കൊല്ലപ്പെട്ടെന്ന ഔദ്യോഗിക വിവരം യഥാർഥത്തിലുള്ളതിനെക്കാൾ കുറവാണ്. കാണാതായ ആളുകളെ അവർ പട്ടികയിൽനിന്ന് ഒഴിവാക്കി. ഗ്രാമമേഖലകളിൽ നിന്ന് മൊത്തമായുള്ള വിവരമല്ല ലഭിക്കുന്നത്. വിശ്വസനീയമായ മനുഷ്യാവകാശ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം മരണസംഖ്യ 2000 എന്നാണ്. ഇതിലും കൂടാമെന്ന് മനുഷ്യാവകാശ പ്രവർത്തകരും സമുദായ നേതാക്കളും പറയുന്നു.

5. കൊലപാതകത്തോടൊപ്പം പല പ്രദേശങ്ങളിലും വ്യാപകവും ആസൂത്രിതവുമായ ബലാത്സംംഗം നടന്നു. ചിലയിടത്ത് ഇത് പൊലീസാണ് നടത്തിയത്. 70 ക്യാമ്പുകളിലായി 1,38,000 പേർ അഭയാർഥികളായി. ഇതിൽ ലക്ഷത്തിലേറെ മുസ്ലിംകളാണ്.

6. മുസ്ലിം വ്യാപാരസ്ഥാപനങ്ങൾ ആസൂത്രിതമായി ലക്ഷ്യമിടുകയും കത്തിക്കുകയും ചെയ്തു. ഹിന്ദുക്കളുടെ സ്ഥാപനങ്ങൾ ആക്രമിച്ചില്ല. ഹിന്ദു മേഖലകളിലെയും ഇടകലർന്നുള്ള മേഖലകളിലെയും എല്ലാ മുസ്ലിം വ്യാപാര കേന്ദ്രങ്ങളും തകർക്കപ്പെട്ടെന്ന് അഹമ്മദാബാദ് അഡിഷണൽ പൊലീസ് കമീഷണർ പറഞ്ഞു.

അക്രമത്തിന്‍റെ രീതി

7. 1992ൽ ഈയടുത്തായി ഉൾപ്പെടെ ഗുജറാത്തിൽ നിരവധി വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ, ഞങ്ങൾ സംസാരിച്ച മിക്കയാളുകളും, പൊലീസ് ഉൾപ്പെടെ, പറഞ്ഞത് അന്നൊക്കെയുണ്ടായ അക്രമത്തിന്‍റെ രീതി ഇങ്ങനെയല്ലെന്നാണ്. ഹിന്ദു തീവ്ര സംഘടനകളെ ഒപ്പം കൂട്ടി വി.എച്ച്.പിയാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്, ചിലപ്പോൾ മാസങ്ങൾ മുമ്പേ തന്നെ. കലാപകാരികൾ മുസ്ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് കമ്പ്യൂട്ടറിൽ തയാറാക്കിയ പട്ടിക ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നു. പട്ടികയിലെ കൃത്യതയും വിശദാംശങ്ങളും വ്യക്തമാക്കുന്നത് ഇത് മുൻകൂട്ടി തയാറാക്കിയിരുന്നു എന്നതാണ്.

സംസ്ഥാന സർക്കാറിന്‍റെ ഒത്താശ

8. സംസ്ഥാന സർക്കാർ ഇടപെടാതിരുന്നത് ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ദിവസത്തെ കലാപത്തിൽ അഞ്ച് സംസ്ഥാന മന്ത്രിമാർ പങ്കെടുത്തുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിശ്വസ്തരായ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ ബന്ധമുള്ളവരും ഞങ്ങളോട് പറഞ്ഞത്, ഫെബ്രുവരി 27ന് വൈകുന്നേരം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി മോദി കൂടിക്കാഴ്ച നടത്തി കലാപത്തിൽ ഇടപെടരുതെന്ന് ഉത്തരവിട്ടുവെന്നാണ്. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നത് പൊലീസ് നിഷേധിച്ചു.

9. എന്നാൽ, സംസ്ഥാന സർക്കാറിന്‍റെ സമ്മർദം നടപടിയെടുക്കുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞെന്ന് പൊലീസ് വൃത്തങ്ങൾ സമ്മതിച്ചു. ചില പൊലീസുകാർ കലാപത്തിൽ പങ്കെടുത്തിട്ടുണ്ടായേക്കാമെന്ന് ഡി.ജി.പി ചക്രവർത്തി സമ്മതിക്കുന്നു. ഇത് വ്യാപകമായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊലീസ് വെടിവച്ച 130 പേരിൽ പകുതിയും മുസ്ലിംകളാണ്. അക്രമവുമായി ബന്ധപ്പെട്ട് 8000 പേരെ അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് പറഞ്ഞത്. ഇതിൽ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും എണ്ണം ലഭ്യമാക്കിയില്ല.

10. ദുരിതാശ്വാസ നടപടികൾ സർക്കാർ വളരെ പതുക്കെയാണ് നടത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലെ സാഹചര്യം പരിതാപകരമായിരുന്നു. പ്രധാനമന്ത്രി വാജ്പേയീ കഴിഞ്ഞയാഴ്ച സന്ദർശിച്ചതിന് പിന്നാലെ മാത്രമാണ് ക്യാമ്പുകളിൽ ഭക്ഷണവും താമസത്തിനുള്ള സൗകര്യവും ഒരുക്കാൻ സർക്കാർ തയാറായത്. സന്നദ്ധ സംഘടനകളാണ് ഈ പ്രവൃത്തികൾ ചെയ്തിരുന്നത്. സംസ്ഥാന സർക്കാറിന്‍റെ ദുരിതാശ്വാസ വാഗ്ദാനം തുടക്കത്തിൽ വിവേചനപരമായിരുന്നു. ഗോധ്രയിൽ ഇരയാക്കപ്പെട്ടവർക്ക് (ഹിന്ദു) രണ്ട് ലക്ഷവും, മറ്റുള്ളവർക്ക് (പ്രധാനമായും മുസ്ലിംകൾ) ഒരു ലക്ഷവുമായിരുന്നു സമാശ്വാസ തുക. ഇപ്പോൾ എല്ലാവർക്കും അരലക്ഷം എന്നതിലേക്ക് ഏകീകരിച്ചു. എന്നാൽ, സർക്കാർ കടത്തിലായതിനാൽ ഇത്ര വലിയ നഷ്ടപരിഹാരം നൽകാൻ സാധ്യതയില്ല.

മാധ്യമങ്ങളുടെ പങ്ക്

11. ഗുജറാത്തി ഭാഷാ മാധ്യമങ്ങളിൽ ഭൂരിഭാഗവും അക്രമം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വൈരാഗ്യം വളർത്തിയ വിഷംനിറഞ്ഞ അഭ്യൂഹങ്ങളും അജണ്ടകളും പ്രചരിപ്പിക്കാതിരിക്കാനുള്ള അവസരമുണ്ടാക്കിയില്ല.

പ്രസ്താവന

12. ഹിന്ദു മേഖലകളിൽ നിന്നും ഹിന്ദു-മുസ്ലിം മേഖലകളിൽ നിന്നും മുസ്ലിംകളെ തുടച്ചുമാറ്റുകയായിരുന്നു കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർ, വി.എച്ച്.പിയും തീവ്ര ഹിന്ദു ഗ്രൂപ്പുകളും ലക്ഷ്യമിട്ടത്. അവരുടെ വ്യവസ്ഥാപിത അക്രമ പ്രചാരണത്തിന് വംശീയ ഉന്മൂലനത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. ഫെബ്രുവരി 27ലെ ഗോധ്ര ട്രെയിൻ തീവെപ്പ് അക്രമങ്ങൾക്കുള്ള സാഹചര്യമായിത്തീർന്നു. ഗോധ്ര സംഭവിച്ചില്ലായിരുന്നെങ്കിൽ മറ്റൊരു കാരണം കണ്ടെത്തുമായിരുന്നു.

13. വി.എച്ച്.പിയും സഖ്യകക്ഷികളും സംസ്ഥാന സർക്കാറിന്‍റെ പൂർണ പിന്തുണയിലാണ് ഇറങ്ങിയത്. എന്തുചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന സാഹചര്യം സംസ്ഥാന സർക്കാർ ഉണ്ടാക്കിയെടുക്കാതെ വി.എച്ച്.പിക്ക് ഇത്രയേറെ ചെയ്യാനാവില്ല. മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണ്.

14. വി.എച്ച്.പി വിജയിച്ചിരിക്കാം. നിയമവ്യവസ്ഥ പരാജയപ്പെട്ടു. പൊലീസിലോ കോടതിയിലോ വിശ്വാസമില്ല. മോദി അധികാരത്തിലിരിക്കുമ്പോൾ മുസ്ലിംകളും മറ്റുപലരും ഭയപ്പെടുകയും അരക്ഷിതരാകുകയും തുടരും. അക്രമത്തിൽ കുടിയിറക്കപ്പെട്ടവർ അവരുടെ വീടുകളിലേക്ക് മടങ്ങാൻ മടിക്കും. അനുരഞ്ജനം അസാധ്യമാകും. പ്രതികാര നടപടികളും തള്ളിക്കളയാനാകില്ല. എന്നിരുന്നാലും, പുറത്തുവരുന്ന പുതിയ വാർത്ത വാജ്പേയി മാർച്ച് 12-14ലെ ബി.ജെ.പി യോഗത്തിന് ശേഷം മോദിയെ മാറ്റിനിർത്തുമെന്നാണ്. 

Tags:    
News Summary - BBC Row: UK report states VHP planned Gujarat violence in advance, Godhra a pretext

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.